കുഞ്ഞുങ്ങൾക്ക് പനി വന്നാൽ ചെയ്യേണ്ടത് എന്തെല്ലാം❓️ ശ്രദ്ധിക്കണം ഈ ലക്ഷണങ്ങൾ❗️📮 "കുഞ്ഞുങ്ങൾക്ക് പനി വരുന്നത് എന്തുകൊണ്ടാണ്❓️ വന്നാൽ എന്തെല്ലാം ചെയ്യണം❓️പനിയെ പേടിക്കേണ്ടതുണ്ടോ❓️


 പനിയുമായി ബന്ധപ്പെട്ട്, പ്രത്യേകിച്ചും കുഞ്ഞുങ്ങളുടെ പനിയുമായി ബന്ധപ്പെട്ട് തീർത്താൽ തീരാത്ത സംശയങ്ങളാണ് എപ്പോഴും. നമുക്കൊരു പനി വന്നാൽ അത് ചുക്കുകാപ്പി കുടിച്ചും ചെറിയ ചികിത്സകൾ ചെയ്തും സ്വാഭാവികമായി രോഗശമനത്തിനു ശ്രമിക്കാറുണ്ടെങ്കിലും കുഞ്ഞുങ്ങളുടെ കാര്യം വരുമ്പോൾ രക്ഷിതാക്കൾക്കെല്ലാം ആധിയാണ്.

ഡോക്ടർമാരുടെ അഭിപ്രായത്തിൽ കുഞ്ഞിന് പനി വന്ന് നിമിഷങ്ങൾക്കകം ഡോക്ടർമാരുടെ അടുത്തെത്തിക്കുന്ന അമ്മമാരുണ്ട്, അഥവാ രക്ഷിതാക്കളുണ്ട്. ചിലരാകട്ടെ, പനി അപകടഘട്ടം എത്തിയാലും ചികിത്സ തേടാൻ മടിക്കുന്നവരുമുണ്ട്. ഇതിനു രണ്ടിനുമിടയിലാണ് നാം സ്വീകരിക്കേണ്ട സമീപനം.

പനി എന്നത് വാസ്തവത്തിൽ അനാരോഗ്യത്തിന്റെ ലക്ഷണമല്ല, ആരോഗ്യത്തിന്റെ ലക്ഷണമാണ്. ശരീരത്തിനു പുറമെനിന്ന് ബാക്ടീരിയ, വൈറസുകൾ, അമീബ പോലുള്ളവ ശരീരത്തെ ആക്രമിക്കുന്ന സമയത്ത് അതിന്റെ റിയാക്ഷൻ എന്ന നിലയിൽ സംഭവിക്കുന്ന കാര്യമാണ് പനി. ബാഹ്യമായി ശരീരത്തിൽ കയറിക്കൂടാൻ ശ്രമിക്കുന്ന രോഗാണുക്കളെ പ്രതിരോധിക്കുകയാണ് വാസ്തവത്തിൽ ശരീരതാപം കൂട്ടിക്കൊണ്ട് ശരീരം ചെയ്യുന്നത്.

പനി മറ്റു പല രോഗങ്ങളുടെയും ലക്ഷണമായി നമുക്ക് കാണാം. അസുഖത്തിന്റെ കാരണം കണ്ടെത്തി അതിനു ചികിത്സിക്കുകയാണ് വേണ്ടത്. കുഞ്ഞുങ്ങളിൽ ഏറ്റവും വ്യാപകമായി കാണുന്നത് വൈറൽ പനിയാണ്. നാലോ അഞ്ചോ ദിവസം ഇത് നീണ്ടു നിന്നേക്കാം. സാധാരണഗതിയിൽ പാരസെറ്റാമോൾ നൽകിയാൽ പനി ശമിക്കാറുണ്ട്. ഈ സമയത്ത് കുഞ്ഞുങ്ങൾക്ക് ഛർദ്ദി, ചെറിയ തോതിലുള്ള വയറിളക്കം. ചെറിയ മൂക്കൊലിപ് ചുമ എന്നിവയൊക്കെയുണ്ടാകാം.

കുഞ്ഞ് അധികം കരയുന്നത് ശരീരവേദന കൊണ്ടാകാം. ഏതു പനിയാണെങ്കിലും ശരീരവേദന കൂടി ഉണ്ടാകും. പനി വരുമ്പോൾ കുഞ്ഞുങ്ങൾക്ക് വിശപ്പ് കുറവായിരിക്കും. പനി ശരീരത്തിനു മുഴുവനായും ചില അസ്വസ്ഥതകൾ സൃഷ്ടിക്കുന്നുണ്ട്. ദഹനക്കേടുണ്ടാകാം, മൂക്കടപ്പുണ്ടാകാം. ചെറിയ തോതിലുള്ള മുക്കടപ്പ് ശരീരത്തെ സംരക്ഷിക്കുന്നതിനുള്ളതാണ്. കൂടുതലുണ്ടെങ്കിൽ നേസൽഡ്രോപ്പുകൾ ഉപയോഗിക്കാം. ഇതിൽ കൂടുതൽ ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഗൗരവമായ പനിയാണെങ്കിൽ കുട്ടികളുടെ ഡോക്ടറെ നിർബന്ധമായും കാണിക്കുക.

പനി വന്നാൽ തലയിൽ തുണി നനച്ചിടുന്നത് വ്യാപകമായി കാണുന്നുണ്ട്, ഇതിൽ കാര്യമായ കഴമ്പില്ലെന്നാണ് ശാസ്ത്രീയനിരീക്ഷണങ്ങൾ പറയുന്നത്. പെട്ടെന്ന് തണുപ്പിക്കുമ്പോൾ വീണ്ടും ശരീരത്തിൽ പനി അധികരിക്കാനുള്ള സാധ്യതയുണ്ട് താനും.

അതേസമയം, ആറു മാസത്തിനുള്ളിൽ അല്ലെങ്കിൽ മൂന്നു മാസത്തിനുള്ളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പനി വന്നാൽ നാം ഡോക്ടറെ കണ്ട് ചികിത്സ തേടുന്നതാണ് ഉത്തമം. കാരണം ഈ കുഞ്ഞുങ്ങളിൽ അണുബാധ എത്രമാത്രമുണ്ടെന്ന് നമുക്ക് പുറത്തുനിന്ന് നോക്കിയാൽ കാണാൻ കഴിയണമെന്നില്ല. കുഞ്ഞ് നന്നായി പാലുകുടിച്ച് സുഖമായിരിക്കുന്നുണ്ടെങ്കിൽ കുഴപ്പമില്ല.

പനിയുടെ കൂടെയുണ്ടാകുന്ന ലക്ഷണങ്ങളും നോക്കണം. കഴുത്തനക്കാൻ കഴിയാതിരിക്കുക, നിർത്താതെയുള്ള തലവേദന തുടങ്ങിയവയും ശ്രദ്ധിക്കണം. കുഞ്ഞ് പാല് കുടിക്കുന്നില്ലെന്ന പരാതിയുമായും ധാരാളം അമ്മമാർ ആശുപത്രികളിൽ എത്താറുണ്ട്.

പനി വിടുമ്പോഴും കുഞ്ഞ് അമിതമായി തളർന്ന് കിടക്കുന്നു, എഴുന്നേറ്റിരിക്കാൻ കഴിയാത്ത അവസ്ഥ വരുന്നു. നിർത്താതെ ഛർദ്ദിക്കുന്നു, മൂത്രം കുറയുന്നു തുടങ്ങിയ അവസ്ഥകൾ കാണുമ്പോൾ തീർച്ചയായും ഡോക്ടർമാരുടെ സേവനം തേടുക.

കുട്ടിക്ക് അപസ്മാരം വരുമെന്ന് ഭയന്ന് ഉറക്കമൊഴിക്കുന്ന രക്ഷിതാക്കളെ നമുക്കറിയാം. ശരീരതാപം വർധിച്ച് അപസ്മാരം വരുമെന്ന ഭയമാണ് പനിയുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾക്കുള്ള കാര്യമായ ആശങ്കകളിൽ ഒന്ന്. പനിയുടെ കൂടെ വരുന്ന അപസ്മാരം വളരെ സാധാരണമാണെന്ന് ആദ്യം മനസ്സിലാക്കുക. പെട്ടെന്ന് ശരീരതാപം കൂടുമ്പോഴാണ് അപസ്മാരം വരുന്നത്, അതിനെ എപ്പോഴും തടയാൻ കഴിയണമെന്നില്ല.

അപസ്മാരം വരുന്നുണ്ടെങ്കിൽ തന്നെ 90 ശതമാനം പേരിലും രണ്ടോ മൂന്നോ മിനുട്ടിനു ശേഷം അത് അവസാനിക്കും. ഈ സമയത്ത് കുഞ്ഞിനെ ചെരിച്ചു കിടത്തുക, ആ സമയത്ത് കുഞ്ഞിനെ കൂടുതൽ അസ്വസ്ഥമാക്കുന്നവിധത്തിൽ പിടിച്ചു കുലുക്കാതിരിക്കുക, വായിൽ നിന്നു നുരയും പതയുമെല്ലാം വരുന്നുണ്ടെങ്കിൽ അത്
ശരീരത്തിലാകാതെ പുറത്തുപോകാനും ഇങ്ങനെ കിടത്തുന്നത് സഹായിക്കും.

വളരെ അപൂർവ്വായി മാത്രം ഇത് അഞ്ചുമിനുട്ടിൽ കൂടുതലാവാറുമുണ്ട്. ഇത്തരം സംഭവങ്ങളിൽ ഉപയോഗിക്കാവുന്ന നേസൽ സ്പ്രേകൾ
ഇപ്പോൾ ലഭ്യമാണ്.

ആരോഗ്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിലുള്ള അവബോധം പലപ്പോഴും പനി പോലുള്ളവയുടെ കാര്യത്തിൽ എന്നും എക്കാലത്തും അസ്വസ്ഥത സൃഷ്ടിക്കുന്ന കാര്യമാണ്. പലപ്പോഴും വലിയ ഗുരുതര രോഗങ്ങളിലേക്ക് രോഗനിർണ്ണയം എത്തുന്നതു തന്നെ പനി പോലുള്ള അസുഖങ്ങൾക്ക് ചികിത്സ തേടി ആശുപത്രിയിലെത്തുമ്പോഴാണ്.

പനിയുടെ കാര്യത്തിൽ ഭയപ്പാട് രക്ഷിതാക്കൾക്കിടയിൽ വളരെയധികമാണ്. ഡോക്ടർമാർ സാധാരണ ഗതിയിലുള്ള പനികൾക്ക് വീട്ടിൽ തന്നെ മരുന്നു നൽകി ചികിത്സിച്ചാൽ മതിയെന്ന് പറയുന്നവരുണ്ട്. അതേസമയം, ഏതെങ്കിലും വിധത്തിൽ കുഞ്ഞിന് മറ്റൊരു രോഗത്തിന്റെ ഭാഗമായാണ് പനി വരുന്നതെങ്കിൽ അത്

തിരിച്ചറിയപ്പെടാതെ പോകില്ലേ എന്ന മറുചോദ്യവും ഇതിനെതിരെ ഉന്നയിക്കപ്പെടാറുണ്ട്. അതുകൊണ്ട് മധ്യമ നിലപാട് സ്വീകരിക്കുന്നവരാണ് അധികവും.

തലശ്ശേരി മിഷൻ ഹോസ്പിറ്റലിൽ കൺസൽട്ടന്റ് പീഡിയാട്രീഷ്യൻ ആണ് ലേഖിക.

Post a Comment

Previous Post Next Post