👉പിറന്നു വീഴുമ്പോൾ മുതൽ കരച്ചിൽ നമ്മുടെ കൂടെയുണ്ട്. ഒരു നവജാതശിശുവിന് ആവശ്യങ്ങൾ സാധിച്ചുകിട്ടാനുള്ള ഒരു പുതിയ ‘പൊക്കിൾക്കൊടിയാകുകയാണ്’ ഈ കരച്ചിലെന്ന് വിദഗ്ധർ പറയുന്നു. കുഞ്ഞിന് അവന്‍റെ വൈകാരികവും , ശാരീരികവും ആയ ആവശ്യങ്ങൾ ഇതുവഴി നടത്തിക്കിട്ടുന്നു. എന്നാൽ വളർന്നതിനു ശേഷം ആശയവിനിമയം നടത്താൻ മറ്റു മാർഗങ്ങൾ ഉള്ളപ്പോഴും നാം കരയുന്നുണ്ട്.
വികാരത്താലുള്ള കണ്ണുനീർ പല കാരണങ്ങൾകൊണ്ട് ഉണ്ടാകും. ദുഃഖം, നിരാശ, ശാരീരിക-മാനസിക വേദനകൾ ഇവയൊക്കെ നമ്മെ കരയിക്കാറുണ്ട്. അതുപോലെ അത്യാഹ്ലാദം, ആശ്വാസം, വിജയം എന്നിങ്ങനെയുള്ള ശുഭമുഹൂർത്തങ്ങളിലും നാം കരയാറുണ്ട് . എന്നാൽ അത് ആനന്ദക്കണ്ണീരാണെന്നു മാത്രം. കരച്ചിൽ മറ്റുള്ളവരിലേക്കും പടരുന്ന ഒരു വികാരമാണ്. “ആരെങ്കിലും കരയുന്നതു കാണുമ്പോൾ കാരണമെന്തായാലും, എന്‍റെ കണ്ണും നിറയും” എന്നു ചിലർ പറയുന്നു. ഒരു സിനിമകണ്ട്, ഒരു കഥവായിച്ച്, നമ്മൾ കരഞ്ഞിട്ടില്ലേ? അതു വെറും സങ്കല്പമായിരുന്നിട്ടും!
കാരണമെന്തായാലും, വാക്കുകളില്ലാത്ത ശക്തമായൊരു ഭാഷതന്നെയാണ് കരച്ചിൽ! ചുരുങ്ങിയ സമയംകൊണ്ട് ഇത്രയേറെ ‘പറയാൻ’ കഴിയുന്ന വേറെ മാർഗങ്ങൾ അധികമില്ല എന്ന് മുതിർന്നയാളുകൾ കരയുന്നതിനെക്കുറിച്ചുള്ള ഒരു പുസ്തകം (Adult Crying) പറയുന്നു. കണ്ണുനീർ നമ്മെ പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്, സങ്കടപ്പെട്ടു കരയുന്ന ഒരാളെ കണ്ടില്ലെന്നു നടിക്കുക ബുദ്ധിമുട്ടാണ്. കാരണം, കണ്ണുനീർ ആ വ്യക്തിയുടെ വേദന നമ്മോടു പറയുന്നു. ഫലമോ? നാം പ്രതികരിക്കുന്നു. കരയുന്ന ആളെ ആശ്വസിപ്പിക്കാനോ , സഹായിക്കാനോ നാം ശ്രമിച്ചേക്കാം.
കരച്ചിൽ, ഉള്ളിൽ അടക്കിവെച്ചിരിക്കുന്ന വികാരങ്ങളെ പുറത്തേക്കൊഴുക്കാനുള്ള ഒരു കൈവഴിപോലെയാണെന്നാണ് വിദഗ്ധർ പറയുന്നത്. കരച്ചിൽ അടക്കിപ്പിടിക്കുന്ന ശീലം ആരോഗ്യത്തിനു ഹാനികരമാണെന്നും അവർ പറയുന്നു. കരയുന്നതുകൊണ്ടുള്ള ശാരീരിക, മാനസിക പ്രയോജനങ്ങളെപ്പറ്റി ശാസ്ത്രീയമായി വേണ്ടത്ര തെളിവുകളൊന്നുമില്ലെന്നു പറയുന്നവരുമുണ്ട്. എന്തായാലും, ഒരു സർവേയിൽ പങ്കെടുത്ത 85 ശതമാനം സ്ത്രീകളും , 73 ശതമാനം പുരുഷന്മാരും പറഞ്ഞത് കരഞ്ഞുകഴിയുമ്പോൾ ആശ്വാസം തോന്നും എന്നാണ്. ചിലപ്പോൾ കരഞ്ഞതിനു ശേഷം മനസ്സു ശാന്തമാകും, അപ്പോൾ കാര്യങ്ങളെ വസ്തുനിഷ്ഠമായി, അത് ആയിരിക്കുന്നതുപോലെ കാണാൻ കഴിയുന്നു.ഈ സർവേയിൽ പങ്കെടുത്ത 85 ശതമാനം സ്ത്രീകളും 73 ശതമാനം പുരുഷന്മാരും പറഞ്ഞത് കരഞ്ഞുകഴിയുമ്പോൾ ആശ്വാസം തോന്നും എന്നാണ് .
എന്നാൽ ഈ ആശ്വാസം, ഈ ശാന്തത, കരഞ്ഞതുകൊണ്ടു മാത്രമായിരിക്കണമെന്നില്ല. നമ്മുടെ കണ്ണീരിനോട് മറ്റുള്ളവർ എങ്ങനെ പ്രതികരിക്കുന്നു എന്നതും ഒരു ഘടകമാണ്. ഉദാഹരണത്തിന്, നമ്മുടെ കണ്ണുനീർ കണ്ട് മറ്റാളുകൾ നമ്മെ ആശ്വസിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുമ്പോൾ നമുക്ക് വലിയ ശാന്തത അനുഭവപ്പെടും. എന്നാൽ, അവരുടെ പ്രതികരണം നാം പ്രതീക്ഷിക്കുന്നതുപോലെ അല്ലെങ്കിലോ? ലജ്ജയും നിരാശയും ഒക്കെ തോന്നാം.
കണ്ണിൽ നിന്നും പുറപ്പെടുന്ന ഒരു ദ്രാവകം ആണ് കണ്ണുനീർ അഥവാ കണ്ണീർ. ഇത് കണ്ണ് വൃത്തിയായി ഇരിക്കുവാനും , ഈർപ്പമുള്ളതായി ഇരിക്കുവാനും സഹായിക്കുന്നു. ദുഃഖം, സന്തോഷം മുതലായ വികാരങ്ങളുടെ ഉയർന്ന അവസ്ഥയിൽ ശരീരം കണ്ണുനീർ പുറപ്പെടുവിക്കും. കോട്ടുവാ ഇടുമ്പോഴും കണ്ണീർ വരാം. കരയിലെ മിക്ക സസ്തനികളും കണ്ണീർ പുറപ്പെടുവിക്കുമെങ്കിലും, പൊതുവേ മനുഷ്യർ മാത്രമാണ് കരയുന്നതായി കണക്കാക്കപ്പെടുന്നത്.
കണ്ണുനീരിലടങ്ങിയിരിക്കുന്ന രാസാഗ്നിയാണ് ലൈസോസൈം.ഇത് കണ്ണിൽ ബാക്ടീരിയയിൽ നിന്നുണ്ടാകുന്ന അണുബാധയെ ചെറുക്കുവാൻ സഹായിക്കുന്നു.നേത്രഗോളങ്ങളുടെ മുകളിൽ വശങ്ങളിലേക്ക് നീങ്ങി കാണപ്പെടുന്ന കണ്ണുനീർ ഗ്രന്ഥികളാണ് (lacrimal gland) കണ്ണുനീർ ഉത്പാദിപ്പിക്കുന്നത്. കണ്ണീർ മൂന്നു തരത്തിലുണ്ട്.
⚡1.അടിസ്ഥാന കണ്ണുനീർ (Basal Tears) :
കണ്ണിന്റെ മുൻഭാഗത്തിന്റെ ആർദ്രത നിലനിർത്താൻ എപ്പോഴും ചെറിയ തോതിൽ വരുന്ന കണ്ണുനീർ (basal tear) ആണ് ഇത്. കണ്ണിന്‍റെ സംരക്ഷണാർഥം കണ്ണീർഗ്രന്ഥികൾ ഈ തെളിഞ്ഞ ദ്രാവകം തുടർച്ചയായി പുറത്തുവിട്ടു കൊണ്ടിരിക്കുന്നു . അത് കണ്ണിനെ ഈർപ്പമുള്ളതാക്കി നിറുത്തുന്നു. നമ്മുടെ കാഴ്‌ചശക്തി മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നുണ്ട്. നമ്മൾ കണ്ണു ചിമ്മുമ്പോൾ ഈ ദ്രാവകം കണ്ണിലാകമാനം പടരുന്നു.
⚡2 .പ്രതിപ്രവർത്തക കണ്ണുനീർ (Reflex Tears) : അന്യ വസ്തുക്കൾ, ബാഷ്പം എന്നിവ കണ്ണിൽ വീഴുമ്പോൾ അതിൽ നിന്ന് സംരക്ഷണം നൽകാൻ വേണ്ടി പുറപ്പെടുവിക്കുന്ന കണ്ണുനീരാണ് (reflex rears) .എന്തെങ്കിലും അന്യവസ്‌തുക്കൾ കണ്ണിൽ പോകുമ്പോൾ ഈ കണ്ണീർകൊണ്ട് കണ്ണുനിറഞ്ഞൊഴുകുന്നു. കോട്ടുവായിടുക, പൊട്ടിച്ചിരിക്കുക തുടങ്ങിയ പ്രവർത്തനങ്ങളുടെ പ്രതിപ്രവർത്തനമായി വരുന്നതും ഈ തരം കണ്ണീരാണ്.
ചെറിയ ഉള്ളി അരിയുമ്പോൾ വരുന്നതും ഇതാണ്.
⚡3.വൈകാരിക കണ്ണുനീർ (Emotional Tears) :
വലിയ തോതിലുള്ള സന്തോഷം, പേടി, സങ്കടം എന്നിങ്ങനെയുള്ള വികാരങ്ങൾ വരുമ്പോൾ പുറത്തു വരുന്ന മറ്റൊരു തരം കണ്ണുനീർ (emotional tears).ശക്തമായ വികാരങ്ങളിലൂടെ മനസ്സ് കടന്നു പോകുമ്പോൾ മനുഷ്യസഹജമായി ഉണ്ടാകുന്ന കണ്ണുനീരാണ് ഇത്. പ്രതിപ്രവർത്തക കണ്ണുനീരിൽ ഉള്ളതിനെക്കാൾ 24 ശതമാനം കൂടുതൽ പ്രോട്ടീൻ ഇതിൽ അടങ്ങിയിട്ടുണ്ട്.
കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ ഒന്നാണ് കണ്ണുനീർ. കണ്ണിന് ഈർപ്പവും , രോഗങ്ങളിൽ നിന്ന് പരിരക്ഷയും നൽകുന്നതിനൊപ്പം കൺപോളകൾക്കിടയിൽ ലൂബ്രിക്കന്റായും കണ്ണുനീർ പ്രവർത്തിക്കുന്നു. പ്രത്യേകനാളികൾ വഴി കണ്ണുനീർ ഗ്രന്ഥിയിൽ നിന്നും കണ്ണുനീർ കണ്ണിന്റെ ഉപരിതലത്തിലേക്ക് എത്തുന്നു. കണ്ണുകൾ വൃത്തിയാക്കാൻ കണ്ണുനീർ വേണം. കൺപോളകൾ ഓരോ തവണ അടയുമ്പോഴും കണ്ണുകൾ വൃത്തിയാക്കുന്നു. കണ്ണുനീർ ഇല്ലെങ്കിൽ കണ്ണുകൾ അസ്വസ്ഥമാകും. കണ്ണിന്റെ ഉപരിതലം വരണ്ടിരിക്കും. കാഴ്ച്ചയെ വരെ ഇത് ബാധിക്കും. കണ്ണ് നീറ്റൽ, പുകച്ചിൽ, കണ്ണുവേദന എന്നൊക്കെ പറയുന്നതിന് പിന്നിൽ കണ്ണുനീർ കുറയുന്നതാണ് കാരണം.
നമുക്ക് വികാരങ്ങൾ വരുമ്പോൾ നമ്മുടെ തലച്ചോറിന്റെ ഒരു പ്രത്യേക ഭാഗം (limbic system) മറ്റൊരു ഭാഗത്തേക്ക് (pons) സിഗ്നലുകൾ അയക്കുകയും അവിടെ നിന്ന് കണ്ണുനീർ ഗ്രന്ഥിയിലേക്ക് നിർദേശങ്ങൾ പോകുകയും ചെയ്യുന്നു. ശക്തമായ വികാരങ്ങൾ ഉണ്ടാകുമ്പോൾ കണ്ണുനീർ പുറത്തേക്ക് വരാം.വികാരത്താലുള്ള കണ്ണുനീർ പല കാരണങ്ങൾകൊണ്ട് ഉണ്ടാകും. ദുഃഖം, നിരാശ, ശാരീരിക-മാനസിക വേദനകൾ ഇവയൊക്കെ നമ്മെ കരയിക്കാറുണ്ട്. അതുപോലെ അത്യാഹ്ലാദം, ആശ്വാസം, വിജയം എന്നിങ്ങനെയുള്ള ശുഭമുഹൂർത്തങ്ങളിലും നാം കരയാറുണ്ട്, എന്നാൽ അത് ആനന്ദക്കണ്ണീരാണെന്നു മാത്രം .
മൃഗങ്ങളുടെ കണ്ണീർ അവയുടെ കണ്ണുകളുടെ സംരക്ഷണത്തിനാണ്. എന്നാൽ വികാരത്തിനടിപ്പെട്ടാണ് മനുഷ്യർ കരയുന്നത്. നാം കരയുന്നത് സങ്കടം വരുമ്പോൾ മാത്രമല്ല. സന്തോഷം വരുമ്പോഴും നാം കണ്ണീർ തൂവാറുണ്ട്.എന്തിനാണ് നാം കരയുന്നത് എന്ന കാര്യം മനുഷ്യ കുലത്തെ ഏറെ അദ്ഭുതപ്പെടുത്തുകയും ചിന്താശീലരെ മനുഷ്യ ചരിത്രത്തിലുടനീളം വിസ്മയിപ്പിച്ചിട്ടുമുണ്ട്.
മൂത്രം പോലെ കണ്ണീർ ശരീരത്തിന്റെ വിസർജ്യ വസ്തുവാണെന്ന് അരിസ്റ്റോട്ടിൽ കരുതിയിരുന്നത്രേ!വികാര വിരേചനത്തിന് കരച്ചിൽ സഹായിക്കുന്നുണ്ട് എന്നതിൽ രണ്ടഭിപ്രായമില്ല. മനസ്സംഘർഷങ്ങൾക്ക് കാരണമാവുന്ന രാസപദാർത്ഥങ്ങൾ കണ്ണീരിലൂടെ ഒഴുകിപ്പോവുന്നു എന്നാണ് കണ്ണീരിനെ ചിലർ വിശദീകരിക്കുന്നത്.
അതത്ര മാത്രം വിശ്വസനീയമല്ല എന്ന് ശാസ്ത്രം വിലയിരുത്തിയിട്ടുണ്ട്. കരച്ചിൽ ശരീരത്തെയും , മനസ്സിനെയും അയവുള്ളതാക്കുന്നതായും , ശാന്തമാക്കുന്നതായും കാണാം. ഓക്‌സിടോസിൻ എന്ന ഹോർമോൺ കൂടുതൽ ചുരത്താനും , പാരാ സിംപതെറ്റിക് നെർവസ് സിസ്റ്റത്തെ ഉത്തേജിപ്പിക്കാനും കരച്ചിൽ കാരണമാവുന്നുണ്ട് എന്നതിന് ഭാഗികമായ ചില തെളിവുകൾ ശാസ്ത്രം ശരിവെക്കാതല്ല.
ഏതായാലും കരച്ചിലിന്റെ ഉദ്ദേശ്യം ശാരീരികമെന്നതിനേക്കാൾ സാമൂഹ്യമാണെന്നതാന്നെന്ന് പൊതുവെ പറയപ്പെടുന്നു. നഷ്ടങ്ങളോടും , രോഗങ്ങളോടുമുള്ള പ്രതികരണമായും കരച്ചിൽ രൂപപ്പെടുന്നുണ്ട്. മനുഷ്യന്റെ വികാസത്തിന്റെ ഭാഗമായി വളർന്നു വന്ന എമ്പതി അഥവാ പരാനുഭൂതി കരച്ചിലിന് രണ്ടാമത് ഒരു ധർമം കൂടിയുള്ളതായി തെളിയിക്കുന്നു; മാനസികമോ , ശാരീരികമോ ആയ പീഡകളുടെ വേളയിൽ മറ്റുള്ളവരിൽ നിന്നും സഹായം നേടിയെടുക്കാനുള്ള ഒരു ഉപാധിയായി കരച്ചിൽ മാറുന്നത് അങ്ങനെയാണ്. കരച്ചിലിനെ കുഞ്ഞുങ്ങളും ,
മനോരോഗികളുമാണ് അവരുടെ കാര്യസാധ്യത്തിനായി കൂടുതലും ഉപയോഗപ്പെടുത്തുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്. നാം എങ്ങനെ, എന്തിന്റെ പേരിൽ കരയുന്നുവെന്നത് പ്രായത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കും.
നവജാത ശിശുവിന് ആദ്യത്തെ ഏതാനും ആഴ്ചകളിൽ കണ്ണീരുണ്ടാവില്ല.
കുഞ്ഞുങ്ങളുടെ കണ്ണിൽ, കണ്ണുകളുടെ സംരക്ഷണത്തിനാവശ്യമായ നനവുണ്ടായിരിക്കും. ജനിച്ച് ഏതാനും ആഴ്‌ചകൾ കഴിഞ്ഞ്, കണ്ണുനീർ ചാലുകൾ പൂർണമായി വികസിച്ചശേഷമേ കരയുമ്പോൾ കണ്ണുനീർ വരുകയുള്ളൂ. അവരുടെ ശബ്ദമുഖരിതമായ കരച്ചിൽ കണ്ണീരിനു വഴിമാറുന്നത് അവർ വളരുന്നതോട് കൂടിയാണ്. കൗമാരത്തിൽ ശാരീരികമായ വേദനയേക്കാൾ മാനസികമായ നോവാണ് നമ്മെ കൂടുതൽ കരയിപ്പിക്കുന്നത്. കുറേക്കൂടി പ്രായം ചെന്നാൽ സന്തോഷം വരുമ്പോഴാണ് കണ്ണ് കൂടുതൽ നിറയുക. മധുരിക്കുന്ന കണ്ണീരിന്റെ കാലമാണതെന്ന് പറയാം. ജീവിതം ദ്രുതഗതിയിൽ കടന്നുപോകുന്നതും മരണം അടുത്തടുത്ത് വരുന്നതും തിരിച്ചറിയുന്ന നിമിഷങ്ങൾ കൂടിയാണത്.
കരച്ചിലിനെ കുറിച്ച് പറയുമ്പോൾ മുതലക്കണ്ണീർ എന്ന പ്രയോഗം തന്നെ ഉണ്ട്. കാര്യലാഭത്തിന് വേണ്ടിയുള്ള ഉണ്ടാക്കിക്കരച്ചിലാണത്. എളുപ്പത്തിൽ പിടിക്കപ്പെടുന്ന കാപട്യമാണത്. കാരണം സ്വാഭാവികമായ കണ്ണീർ അത്ര അനായാസേന വ്യാജമായുൽപാദിപ്പിക്കാൻ കഴിയില്ല. സത്യസന്ധമാണെങ്കിൽ നേർത്തൊരു കരച്ചിൽ മതി, ഒരു വേള ആരുടേയും കരളലിയിപ്പിക്കാൻ
കരച്ചിലിനോടുള്ള സമീപനത്തിൽ സ്ത്രീ പുരുഷൻമാർക്കിടയിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. സ്ത്രീകൾക്ക് എളുപ്പത്തിൽ കണ്ണ് നിറയും. പുരുഷൻമാർ പൊതുവെ പല ഗോഷ്ടികളിലൂടെയും കണ്ണീരടക്കി നിർത്താൻ പരമാവധി പരിശ്രമിക്കും.കരണീയമായ സാഹചര്യങ്ങളിൽ പോലും വികാരങ്ങളൊന്നും പ്രകടിപ്പിക്കാത്ത, ഒട്ടും കണ്ണീർ തൂവാത്ത പുരുഷനേക്കാൾ കടുത്ത സങ്കടങ്ങൾക്കിടയിൽ ആത്മനിയന്ത്രണത്തോടെ കണ്ണ് നിറയുന്ന പുരുഷനാണ് കൂടുതൽ യോഗ്യൻ എന്ന് കാണാവുന്നതാണ്.എന്തായിരുന്നാലും, കരച്ചിലിനെക്കുറിച്ചുള്ള പലതും നിഗൂഢതയായി ശേഷിക്കുന്നു! പക്ഷേ നമുക്ക് ഒന്നറിയാം: പ്രകൃതി നമുക്കു തന്നിരിക്കുന്ന വിസ്മയകരമായ ഒരു വൈകാരികസംവേദനപ്രാപ്തിയാണ് ഈ കണ്ണീർപൊഴിക്കൽ!
വാൽ കഷ്ണം
സ്വാർത്ഥലാഭത്തിനു വേണ്ടി ഒഴുക്കുന്ന കണ്ണുനീർ എന്ന അർത്ഥത്തിലാണ് മുതലക്കണ്ണീർ എന്ന പ്രയോഗം ഉപയോഗിക്കുന്നത്.കണ്ണുനീർ ഗ്രന്ഥികൾ ഉണ്ടെങ്കിലും മുതലയ്ക്ക് കണ്ണ് നീർ ഒഴുക്കി കരയാൻ അറിയില്ല . എന്നാൽ അവയ്ക്ക് ഒരുപാട് നേരം കരയിൽ കഴിയുമ്പോൾ കണ്ണിന്റെ സംരക്ഷണത്തിനായി ഈ ഗ്രന്ഥി സ്രവങ്ങൾ പുറപ്പെടുവിയ്ക്കുന്നു. ചിലപ്പോൾ ഇരയെ രുചിയോടെ ഭക്ഷിക്കുമ്പോളാകാം ഇത് സംഭവിയ്ക്കുന്നത് . ഇരയോടുള്ള അനുകമ്പ മൂലം കരയുന്നതായി തോന്നുകയും ചെയ്യാം. ഈ ഒരു കരച്ചിലിനെ അവലംബമായി എടുത്താണ് മുതലക്കണ്ണീർ എന്ന പ്രയോഗം നിലവിൽ വന്നത് .

Post a Comment