എസിയിട്ട് കാറോടിച്ചാൽ മൈലേജ് കുറയുമോ❓❗


 ഇന്ത്യയില്‍ ഇന്ധനക്ഷമതയ്ക്കാണ് ഉപഭോക്താക്കളില്‍ ഏറെയും പ്രധാന്യം കല്‍പിക്കുന്നത്. ഇന്ധനക്ഷമത വര്‍ധിപ്പിക്കുന്നതിന് വേണ്ടി ഉപഭോക്താക്കള്‍ നിരന്തരം പുതുവഴികള്‍ തേടുമ്പോഴും എസിയിട്ടാല്‍ കാറിന്റെ മൈലേജ് കുറയുമെന്ന സങ്കല്‍പത്തിന് ഇന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.ശരിയാണ്, എഞ്ചിനില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജത്തിലാണ് കാറില്‍ എസി സംവിധാനം പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും എയര്‍ കമ്പ്രസറിന്റെ പ്രവര്‍ത്തനത്തിന് വേണ്ടിയാണ് എസി സംവിധാനം കാര്‍ എഞ്ചിനെ ആശ്രയിക്കാറ്.

കമ്പ്രസര്‍, കണ്ടന്‍സര്‍, എക്‌സ്പാന്‍ഡര്‍, ഇവാപറേറ്റര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് കാറിലെ എസി സംവിധാനം. ഇവാപറേറ്ററില്‍ നിന്നും ശീതീകരിച്ച വായു പുറത്തേക്ക് വരുമ്പോഴാണ് അകത്തളത്തിൽ തണുപ്പ് അനുഭവപ്പെടുക.അതുകൊണ്ടു എഞ്ചിനില്‍ നിന്നും കത്തുന്ന ഇന്ധനത്തിന്റെ ഒരു ചെറിയ ശതമാനം എസി ഉപയോഗിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ഇന്നു വരുന്ന പുതിയ കാറുകളില്‍ നാമമാത്രമായ ഇന്ധനമാണ് എസി ഉപയോഗിക്കുന്നത്.

പക്ഷെ പഴയ കാറുകളുടെ സ്ഥിതിവിശേഷം ഒരല്‍പം വ്യത്യസ്തമാണ്. കുറഞ്ഞ എഞ്ചിന്‍ കരുത്തുള്ള പഴയ കാറുകളില്‍ തുടര്‍ച്ചയായ എസി ഉപഭോഗം ഇരുപതു ശതമാനത്തോളം ഇന്ധനക്ഷമത കുറയ്ക്കും. 

ഇനി കുന്ന് കയറുമ്പോള്‍ എസി പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കില്‍ ഇന്ധനക്ഷമത വീണ്ടും കുറയും.ഗുരുത്വാകര്‍ഷണത്തിന് എതിരെ നീങ്ങുമ്പോള്‍ എഞ്ചിന് കൂടുതല്‍ അധ്വാനിക്കേണ്ടതായി വരുമെന്നതാണ് ഇതിന് കാരണം. എസിയ്ക്ക് പകരം വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഇന്ധനക്ഷമത വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്നവരും ഇന്ന് കുറവല്ല. ഈ ശീലവും ഇന്ധനക്ഷമത കുറയ്ക്കും. കാരണം സഞ്ചരിക്കവെ കാറിനുള്ളിലേക്ക് കടക്കുന്ന വായു കൂടുതല്‍ പ്രതിരോധം സൃഷ്ടിക്കും.

ചുരുക്കി പറഞ്ഞാല്‍ എസി പ്രവര്‍ത്തിപ്പിച്ച് കാര്‍ ഓടിക്കുന്നതാണ് വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഡ്രൈവ് ചെയ്യുന്നതിലും ഏറെ ഉത്തമം. അതേസമയം കുറഞ്ഞ വേഗതയിലാണെങ്കില്‍ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്തി ഡ്രൈവ് ചെയ്യുന്നത് ഇന്ധനക്ഷമത വര്‍ധിപ്പിക്കും.

Post a Comment

Previous Post Next Post