വിജ്ഞാന വേദിയായി 'യെസ് ക്വിസ് മി'; കണ്ണൂരിൽ കിരീടം ചൂടി ആലക്കോട് എൻ.എസ്.എസ് 🏆🏆Quiz

ആലക്കോട്: പൊതുവിജ്ഞാനത്തിന് പുറമേ, കുട്ടികളുടെ നിരീക്ഷണപാടവവും യുക്തിചിന്തയുമൊക്കെ അളന്ന് ഒരു ക്വിസ് മത്സരം. 'മാതൃഭൂമി'യും 'ഫെയർ ഫ്യുച്ചർ എജ്യുക്കേഷണൽ കൺസൾട്ടൻസി'യും ചേർന്ന് നടത്തിയ 'യെസ് ക്വിസ് മീ' ക്വിസ് മത്സരം കുട്ടികൾക്ക് അറിവിന്റെ പുത്തൻ അനുഭവമായി. രണ്ടുപേരടങ്ങിയ 241 ടീമുകൾ ജില്ലാതല മത്സരത്തിൽ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും മത്സരം ശ്രദ്ധേയമായി.

ആലക്കോട് എൻ.എസ്.എസ്. എച്ച്.എസ്.എസിലെ എസ്. ദേവിക, ദേവപ്രിയ മധുസൂദനൻ എന്നിവരുൾപ്പെട്ട ടീമിനാണ് ഒന്നാം സമ്മാനം. 10,000 രൂപയാണ് സമ്മാനം. പിണറായി എ.കെ.ജി. എം.ജി.എച്ച്.എസ്.എസിലെ തൃദീയ അരവിന്ദ്, ബി. ശ്രീഹർഷ് എന്നിവർ രണ്ടാമതെത്തി.

എ.കെ.ജി.എസ്.ജി.എച്ച്.എസ്.എസ്. പെരളശ്ശേരിയിലെ എ.ബി. അമീൻ ഇഖ്ബാൽ, എൻ.പി. നിഹാര എന്നിവർക്കാണ് മൂന്നാം സ്ഥാനം. കൂത്തുപറമ്പ് എച്ച്.എസ്.എസിലെ ഇ. ശ്രീലക്ഷ്മി, ഹരിനന്ദ സുരേഷ് എന്നിവർ നാലാം സ്ഥാനം നേടി.

പ്രാഥമിക റൗണ്ടിൽ മികച്ച പ്രകടനം നടത്തിയ ടീമുകളാണ് സെമിയിലെത്തിയത്. ഇവരിൽനിന്നാണ് ഫൈനലിനുള്ളവരെ മത്സരത്തിലൂടെ തിരഞ്ഞെടുത്തത്. ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസ് മത്സരങ്ങൾക്ക് നേതൃത്വം നൽകി. കണ്ണൂർ ജവാഹർ ലൈബ്രറി ഹാളിൽ നടന്ന ക്വിസ് മത്സരം അസി. കളക്ടർ അനൂപ് ഗാർഗ് ഉദ്ഘാടനം ചെയ്തു. 'മാതൃഭൂമി' കണ്ണൂർ യൂണിറ്റ് മാനേജർ ജഗദീഷ് ജി, ന്യൂസ് എഡിറ്റർ വി.യു. മാത്യുക്കുട്ടി എന്നിവർ സംസാരിച്ചു.

അറിവിന്റെ കൗതുകമൊളിപ്പിച്ച ചോദ്യങ്ങൾ

അറിവിന്റെ കൗതുകമൊളിപ്പിച്ച ചോദ്യങ്ങളായിരുന്നു ക്വിസ് മാസ്റ്റർ സ്നേഹജ് ശ്രീനിവാസിന്റെത്. മഞ്ഞുപോലെ തോന്നിപ്പിക്കുന്ന 'മന്തി' കേരളത്തിന് പരിചയപ്പെടുത്തിയ 'മന്തി കാക്ക'യും തമിഴ് സംസാരിക്കുന്ന ഹരിയാണക്കാരും 'ഹെൽവീഷ്യ' എന്ന് അറിയപ്പെടുന്ന സ്വിറ്റ്സർലൻഡും വിദ്യാർഥികളുടെ ചിന്താശേഷി അളക്കുന്ന ചോദ്യങ്ങളായിരുന്നു.

'ദൂരെ കിഴക്കുദിക്കും മാണിക്യ ചെമ്പഴുക്ക'ക്ക് ഈണമൊരുക്കിയ സംഗീതസംവിധായകനായ കണ്ണൂർ രാജനെ, കണ്ണൂരിലെ കുട്ടികളിൽ പലർക്കും തിരിച്ചറിയാതെ പോയി.തോറിനെയും സ്പൈഡർമാനെയും ബ്ലാക്ക് പാന്തറെയും എന്തിന് തോറിൻറെ ആയുധമായ 'ാനെറ'യും തിരിച്ചറിഞ്ഞവർ കേരള സർക്കാരിന്റെ കൃഷിയുടെ ഭാഗ്യചിഹ്നമായ 'ചില്ലു അണ്ണാ'നെ തിരിച്ചറിഞ്ഞില്ല. കണ്ണൂർ സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളെക്കുറിച്ചുമാത്രം ചോദിച്ച 'ലോങ് വിഷ്വൽ കണക്ട് റൗണ്ടി'ൽ ഒരു ടീമിനും ഉത്തരം കണ്ടെത്താനായില്ല.


Post a Comment

Previous Post Next Post