പുകവലി നിങ്ങളുടെ കണ്ണിനെയും ദോഷകരമായി ബാധിക്കും! ഈ ആറ് രോഗങ്ങള്‍ വരാനുള്ള വലിയ സാധ്യത; പുകവലിക്കാരുമായി സമ്ബര്‍ക്കം പുലര്‍ത്തിയാലും പ്രശ്നമുണ്ട്; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ : smoking

 


പുകവലി ആരോഗ്യത്തിന് വളരെ അപകടകരമാണെന്ന് മിക്കവർക്കും അറിയാവുന്ന കാര്യമാണ്. കാൻസർ, ശ്വാസകോശ രോഗങ്ങള്‍, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഇത് കാരണമാകുന്നുണ്ട്.

പക്ഷേ പുകവലി നമ്മുടെ കണ്ണുകളെയും ദോഷകരമായി ബാധിക്കുന്നുവെന്ന് നിങ്ങള്‍ക്കറിയാമോ? നിങ്ങള്‍ പുകവലിക്കുന്നില്ലെങ്കിലും പുകവലിക്കാരുമായി സമ്ബർക്കം പുലർത്തുകയും ചെയ്താല്‍ പോലും അത് നിങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.


ദീർഘനേരം പുകവലിക്കുന്നത് കൊണ്ട് കണ്ണുകള്‍ ചുവപ്പ് നിറമാകുകയും കാഴ്ച മങ്ങാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. പുകവലി മൂലം രാജ്യത്ത് പ്രതിവർഷം 10 ലക്ഷത്തിലധികം ആളുകള്‍ മരിക്കുന്നതായി കണക്കാക്കപ്പെടുന്നു. കാൻസർ, ഹൃദ്രോഗം തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ നാലാമത്തെ പ്രധാന കാരണമാണ് പുകവലി.


പുകയിലയുടെ കണ്ണില്‍ എന്ത് ഫലം? 


സിഗരറ്റ് പുകയില്‍ അടങ്ങിയിരിക്കുന്ന വിഷവസ്തുക്കള്‍ ഒടുവില്‍ രക്തത്തില്‍ പ്രവേശിക്കുകയും കണ്ണുകള്‍ ഉള്‍പ്പെടെ ശരീരത്തിലുടനീളം സഞ്ചരിക്കുകയും ചെയ്യുന്നു. കണ്ണുകളുടെ വരള്‍ച്ച, തിമിരം, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ വിവിധ തരത്തിലുള്ള നേത്ര പ്രശ്നങ്ങള്‍ക്ക് ഇത് കാരണമാകും. കൃത്യസമയത്ത് മതിയായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍, അത്തരം കേസുകളില്‍ ഭൂരിഭാഗവും സ്ഥിരമായ അന്ധതയിലേക്ക് നയിച്ചേക്കാം. 


ഇതുകൂടാതെ, പുകയില കണ്ണുകള്‍ക്ക് ചുറ്റുമുള്ള കോശങ്ങള്‍ക്ക് കേടുവരുത്തും, ഇത് കണ്പോളകളുടെ നിറവ്യത്യാസത്തിനും കണ്ണുകള്‍ക്ക് താഴെയുള്ള വീക്കത്തിനും കാരണമാകും. പുകയിലയിലയിലെ പുകയില്‍ 7,000-ത്തിലധികം അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നു, അവയില്‍ ചിലത് കണ്ണിൻ്റെ ആരോഗ്യത്തിന് അങ്ങേയറ്റം ഹാനികരമാണ്. പുകവലി മൂലമുണ്ടാകുന്ന നേത്ര സംബന്ധമായ ചില രോഗങ്ങള്‍ ഇതാ.

കണ്ണിലെ വരള്‍ച്ച

കണ്ണുകള്‍ കണ്ണുനീർ ഉത്പാദിപ്പിക്കുന്നത് നിർത്തുമ്ബോഴാണ് സാധാരണയായി കണ്ണിലെ വരള്‍ച്ചയുടെ (ഡ്രൈ ഐ സിൻഡ്രോം) പ്രശ്നം ഉണ്ടാകുന്നത്. കണ്ണുകള്‍ വരണ്ടുപോവുകയും, ചുവന്ന നിറം കയറുകയും, ചൊറിച്ചിലും നീറ്റലും അനുഭവപ്പെടുകയും ചെയ്യുന്നതുമെല്ലാം ഡ്രൈ ഐ സിൻഡ്രോത്തിന്‍റെ ലക്ഷണങ്ങളാണ്. 

വർണാന്ധതയുടെ ഇരയാകാം

നിറങ്ങള്‍ വേര്‍തിരിച്ചു മനസിലാക്കാനുള്ള കഴിവില്ലായ്മയെയാണ് വര്‍ണാന്ധത എന്നു പറയുന്നത്. പുകവലി വർണാന്ധത പോലുള്ള ഗുരുതരമായ നേത്ര പ്രശ്നങ്ങള്‍ക്കും കാരണമാകും. പുക വലിക്കുന്നത് നമ്മുടെ റെറ്റിനയ്ക്കാണ് ഏറ്റവും കൂടുതല്‍ കേടുപാടുകള്‍ വരുത്തുന്നതെന്ന് വിദഗ്ധർ പറയുന്നു. ഈ ഭാഗമാണ് ദൃശ്യം കണ്ടതിനുശേഷം തലച്ചോറിലേക്ക് സന്ദേശങ്ങള്‍ അയയ്ക്കുന്നത്. ഇക്കാരണത്താല്‍, വസ്തുവിൻ്റെ നിറം വ്യത്യസ്തമായി പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു.

തിമിരത്തിനുള്ള സാധ്യത

നിങ്ങള്‍ കൂടുതല്‍ പുകവലിക്കുമ്ബോള്‍, തിമിരം വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. കണ്ണിലെ ലെൻസ് ദുർബലമാവുകയും കാഴ്ചശക്തി കുറയുകയും ചെയ്യുന്ന രോഗമാണ് തിമിരം. പുകവലിയില്‍ നിന്നുള്ള പുക നേരിട്ട് കണ്ണുകളെ ബാധിക്കുന്നു.

യുവിറ്റിസ്

കണ്ണിൻ്റെ മധ്യ പാളിയില്‍ നീർവീക്കം ഉണ്ടാകുന്ന നേത്രരോഗമാണ് യുവിറ്റിസ്. 2015 ലെ ഒരു റിപ്പോർട്ട് അനുസരിച്ച്‌, യുവിറ്റിസിൻ്റെ പ്രധാന കാരണങ്ങളില്‍ പുകവലിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിഗരറ്റിലെ മൂലകങ്ങള്‍ രക്തകോശങ്ങളെ ബാധിക്കുന്നു, ഇത് കണ്ണുകളില്‍ വീക്കം ഉണ്ടാക്കുന്നു.

ഒപ്റ്റിക് നാഡിയിലെ പ്രശ്നം

വിദഗ്ധരുടെ അഭിപ്രായത്തില്‍, കണ്ണുകൊണ്ട് എന്തും ശരിയായി കാണുന്നതിന്, ഒപ്റ്റിക്, റെറ്റിന എന്നിവ ശരിയായി പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. പുകവലി മൂലമുണ്ടാകുന്ന പുകയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ കണ്ണുകളുടെ ഒപ്റ്റിക് നാഡിയിലെ കോശങ്ങളെ നശിപ്പിക്കുന്നു, അതിനാല്‍ കാര്യങ്ങള്‍ മങ്ങാൻ തുടങ്ങുന്നു.

ഗ്ലോക്കോമ 

ആഗോളതലത്തില്‍ അന്ധതയ്ക്ക് കാരണമാകുന്ന രോഗങ്ങള്‍ രണ്ടാം സ്ഥാനത്താണ് ഗ്ലോക്കോമ. കണ്ണിലെ അസാധാരണ ഉയര്‍ന്ന മര്‍ദം മൂലമാണ് ഈ രോഗം ഉണ്ടാകുന്നത്. ഗ്ലോക്കോമ മൂലമുണ്ടാകുന്ന കാഴ്ച നഷ്ടം വീണ്ടെടുക്കാന്‍ സാധ്യമല്ല. സാധാരണയായി, കണ്ണിനുള്ളില്‍ അധിക ദ്രാവകം അടിഞ്ഞുകൂടുമ്ബോള്‍ ഈ മർദം വർദ്ധിക്കുന്നു. 2018-ല്‍ നടത്തിയ ഒരു പഠനത്തില്‍, സ്ഥിരമായി എത്രത്തോളം സിഗരറ്റ് വലിക്കുന്നുവോ അത്രത്തോളം അവർക്ക് ഗ്ലോക്കോമ വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തി.

കണ്ണുകളെ എങ്ങനെ സംരക്ഷിക്കാം?

പുകവലി നിർത്തുക: നിങ്ങളുടെ കാഴ്ചശക്തി സംരക്ഷിക്കണമെങ്കില്‍, പുകവലി നിർത്തുകയോ കുറയ്ക്കുകയോ ചെയ്യുന്നത് വളരെ പ്രധാനമാണ്. ഇത് പുകവലിക്കാരനെ മാത്രമല്ല, ചുറ്റുമുള്ള ആളുകളെയും അവരുടെ കണ്ണുകളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

ആരോഗ്യകരമായ ഭക്ഷണം: കണ്ണിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. വിറ്റാമിൻ സി, ഇ, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ തുടങ്ങിയവയാല്‍ സമ്ബന്നമായ ഓട്‌സ് കണ്ണുകള്‍ക്ക് കേടുപാടുകള്‍ വരുത്താനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും.

സ്‌ക്രീൻ സമയം കുറയ്ക്കുക: പുകവലി കൂടാതെ, കണ്ണുകളെ ദോഷകരമായി ബാധിക്കുന്ന നിരവധി കാര്യങ്ങളുണ്ട്. ദീർഘനേരം സ്‌ക്രീനില്‍ നോക്കുന്നത് അത്തരത്തിലുള്ള ഒരു പ്രശ്‌നമാണ്. ടിവി, സ്‌മാർട്ട്‌ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി മിക്ക സ്‌ക്രീനുകളും നീല വെളിച്ചം പുറപ്പെടുവിക്കുന്നു, ഇത് കണ്ണുകള്‍ക്ക് അങ്ങേയറ്റം ഹാനികരമാണ്. 

കണ്ണുകള്‍ പതിവായി പരിശോധിക്കുന്നത് തുടരുക: നിങ്ങളുടെ കണ്ണുകള്‍ സുരക്ഷിതമായി സൂക്ഷിക്കാൻ, കണ്ണുകള്‍ പതിവായി പരിശോധിക്കേണ്ടത് പ്രധാനമാണ്. കണ്ണുകളില്‍ എന്തെങ്കിലും അസ്വസ്ഥത നേരിടുന്നുവെങ്കില്‍ നേത്രരോഗ വിദഗ്ധനെ കാണുന്നത് നല്ലതാണ്.

Post a Comment

Previous Post Next Post