റോഡിൽ മാത്രമല്ല, എയറിലും ഇനി മാരുതി; വരുന്നു മാരുതി സുസുക്കി ഇ-എയർ കോപ്റ്ററുകൾ
2018-ൽ ജപ്പാനിൽ പറക്കുന്ന കാർ സങ്കല്പവുമായി തുടങ്ങിയ സ്കൈഡ്രൈവ് കമ്പനിയുമായി സുസുക്കി മോട്ടോർ കോർപ്പറേഷൻ സഹകരിക്കുന്നുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി വൈദ്യുത കോപ്റ്ററുകൾ ഇന്ത്യയിൽ നിർമിക്കാൻ പദ്ധതിയിടുന്നു. ഹെലികോപ്റ്ററുകളേക്കാൾ ചെറുതും ഡ്രോണുകളേക്കാൾ വലുപ്പമുള്ളതുമായ, പൈലറ്റടക്കം മൂന്നുപേരെ വഹിക്കാൻ ശേഷിയുള്ള വൈദ്യുത കോപ്റ്ററുകളാണ് ലക്ഷ്യം. കെട്ടിടങ്ങളുടെമുകളിൽ ഇറക്കാനാകും. പുതിയ മൊബിലിറ്റി സംവിധാനങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മാരുതി സുസുക്കിയുടെ ഈ നീക്കം.
2018-ൽ ജപ്പാനിൽ പറക്കുന്ന കാർ സങ്കല്പവുമായി തുടങ്ങിയ സ്കൈഡ്രൈവ് കമ്പനിയുമായി സുസുക്കി മോട്ടോർ കോർപ്പറേഷൻ സഹകരിക്കുന്നുണ്ട്. ജപ്പാനിലും അമേരിക്കയിലും വൈദ്യുത കോപ്റ്ററുകൾ അവതരിപ്പിക്കാനാണ് ഇരുകമ്പനികളും ധാരണയുള്ളത്. രണ്ടാം ഘട്ടത്തിൽ ഇത്തരം ഇലക്ട്രിക് കോപ്റ്ററുകൾ ഇന്ത്യയിലും എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് ഇത്തരം സംവിധാനം വഴിയൊരുക്കുമെന്നാണ് മാരുതിയുടെ വിലയിരുത്തൽ.
ഗുജറാത്തിൽ ഡ്രൈവിന്റെ പ്രവർത്തനം നടപ്പാക്കുന്നതിന് ജനുവരിയിൽ കമ്പനി സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. 2025-ൽ ജപ്പാനിൽ നടക്കുന്ന ഒസാക്ക എക്സ്പോയിൽ സ്കൈഡ്രൈവ് എന്ന പേരിൽ ഇലക്ട്രിക് എയർ കോപ്റ്ററുകൾ അവതരിപ്പിക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നത്. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി സുസുക്കി മേധാവി അറിയിച്ചു.
സുസുക്കി ഒരുക്കുന്ന ഈ സാങ്കേതികവിദ്യ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിൽ അവതരിപ്പിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. ഇലക്ട്രിക് കോപ്റ്ററുകൾ ഇന്ത്യയിൽ എത്തിക്കുന്നതിന് സഹകരിക്കുന്ന പങ്കാളികളെയും ഉപയോക്താക്കളെയും കുറിച്ച് പഠിക്കുന്നതിനായി മാരുതി സുസുക്കി ഇന്ത്യയിൽ ഗവേഷണങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് സുസുക്കി അറിയിച്ചിരിക്കുന്നത്. പരമാവധി കുറഞ്ഞ ചെലവിൽ ഒരുക്കിയാൽ മാത്രമേ ഇത് വിജയകരമാകൂവെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
Post a Comment