കണ്ണൂർ : വ്യാജ ഇൻസ്റ്റഗ്രാം
അക്കൗണ്ടുകൾ നിർമിച്ച് നിരവധി പെൺകുട്ടികളുടെ ഫോട്ടോ മോർഫ് ചെയ്ത് പണം തട്ടിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. അഴീക്കോട് കപ്പക്കടവ് നിച്ചിത്തോട് സ്വദേശി കളത്തിൽ വീട്ടിൽ മുഹമ്മദ് സഫ‌്വാനെ(23)യാണ് സൈബർ പോലീസ് എസ്.എച്ച്.ഒ. ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
ഏച്ചുർ സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. സാമൂഹികമാധ്യമത്തിലൂടെ നിരവധി പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് ഫോട്ടോ കൈക്കലാക്കിയാണ് മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ചെന്നൈയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്ന പ്രതി രണ്ട് ഫോണുകളും നാല് സിം കാർഡുകളും ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. ചെന്നൈയിൽനിന്ന് അഴീക്കോട്ട് എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് പോലീസെത്തി പിടികൂടുകയായിരുന്നു. സബ് ഇൻസ്പെക്‌ടർമാരായ സുഭാഷ് ചന്ദ്രൻ, ഉദയകുമാർ, എ.എസ്.ഐ. ജ്യോതി, എസ്.സി.പി.ഒ. സിന്ധു, സി.പി.ഒ. അജിത്ത് എന്നിവർ പോലീസ് സംഘത്തിലുണ്ടായിരുന്നു.
Post a Comment