സംസ്‌ഥാനത്ത് ആദ്യം തളിപ്പറമ്പ് ബ്ലോക്ക് - ഇത് അഭിമാന നേട്ടം 🔥 ഷീ ലോഡ്ജ് ഒരുക്കി തളിപ്പറമ്പും 🌟 തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത്‌ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു 🔰⭕


തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ പുതിയ ഓഫീസും ഓഫീസ് പരിസരത്ത് ഒരുക്കിയ ഷീ ലോഡ്ജിന്റെയും ഉദ്ഘാടനം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ നിർവഹിച്ചു. സംസ്ഥാനത്തെ ആദ്യ സമ്പൂർണ വാതിൽപ്പടി ശേഖരണം പൂർത്തിയാക്കിയ തളിപ്പറമ്പ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ പ്രഖ്യാപനവും എം എൽ എ നടത്തി.
രാത്രി വൈകി നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍ക്കും ദൂരങ്ങളില്‍ നിന്നെത്തി തളിപ്പറമ്പിലും പരിസരങ്ങളിലും ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ചുരുങ്ങിയ ചെലവിൽ സുരക്ഷിത താമസമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്ലോക്ക് പഞ്ചായത്ത് ഷീ ലോഡ്ജ് ആന്റ് വര്‍ക്കിംഗ് വുമണ്‍സ് ഹോസ്റ്റല്‍ ഒരുക്കിയത്.

 2022-23 വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ 33 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ 25 ലക്ഷം രൂപയും ഒമ്പത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ള മൂന്നു ലക്ഷം രൂപ വീതവും ചേര്‍ത്ത് ആകെ 85 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം പണിതത്.
ഒന്നാംനില നിര്‍മ്മാണത്തിനായി 35 ലക്ഷം രൂപ കൂടി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്.
60 ലക്ഷം രൂപ ചെലവിലാണ് ബ്ലോക്ക്‌ പഞ്ചായത്തിന്റെ പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. നിലവിലുള്ള കെട്ടിടത്തിന്റെ സ്ഥലപരിമിതി കാരണമാണ് പുതിയ കെട്ടിടം പണിതത്.
'ശുചിത്വവും ഹരിതാഭവുമായ നാടും നഗരവും' എന്ന ലക്ഷ്യത്തോടെ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച വർണ്ണം - 2025ന്റെ ഭാഗമായാണ് സമ്പൂർണ വാതിൽപ്പടി ശേഖരണം എന്ന നേട്ടം ബ്ലോക്ക് കൈവരിച്ചത്.


ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളും സമ്പൂർണ വാതിൽപടി ശേഖരണം പൂർത്തിയാക്കിയതോടെയാണ് ഇത് സാധ്യമായത്. 2025 ഓടുകൂടി ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന 9 ഗ്രാമപഞ്ചായത്തുകളിലും സമ്പൂർണ്ണ ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 27 ലക്ഷം രൂപയാണ് ഈ വർഷം ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്.


തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാതിൽ പടി ശേഖരണം പൂർത്തിയാക്കിയ പഞ്ചായത്തുകളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ആദരിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജെ അരുൺ ഹരിതകർമ്മ സേനാംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ യു ശ്രീജ കെട്ടിടങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി ഇൻ ചാർജ് കെ സി ശശിധരൻ വർണ്ണം 2025ന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പ്രേമലത, ജില്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷൻ പ്രസിഡണ്ട് പി പി ഷാജിർ, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷരായ പി എം മോഹനൻ, ആനക്കീൽ ചന്ദ്രൻ, സി ഐ വത്സല ടീച്ചർ, അംഗം കൊയ്യം ജനാർദ്ദനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ എസ് ചന്ദ്രശേഖരൻ (ഉദയഗിരി), സുനിജ ബാലകൃഷ്ണൻ (ചപ്പാരപ്പടവ്), വി പി മോഹനൻ (ചെങ്ങളായി), വി എം സീന (കുറുമാത്തൂർ), ടി ഷീബ (പരിയാരം), പി ശ്രീമതി (പട്ടുവം), ടി സുലജ (കടന്നപ്പള്ളി പാണപ്പുഴ), ശുചിത്വമിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ എം സുനിൽകുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ, റിസോഴ്സ് പേഴ്സൺ വി സഹദേവൻ, ജോയിന്റ് ബിഡിഒ ടി ഡി തങ്കമ്മ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post