കേരളത്തിലേക്ക് പുതിയൊരു ട്രെയിൻ കൂടി


കേരളം വഴി കടന്നുപോകുന്ന ഒരു പ്രതിവാര എക്സ്പ്രസ് ട്രെയിൻ കൂടി സർവീസ് ആരംഭിക്കാൻ റെയില്‍വേ ബോർഡ് അനുമതി നല്‍കി. മംഗളൂരു - രാമേശ്വരം - മംഗളൂരു റൂട്ടിലാണ് പുതിയ സർവീസ്. ശനി, ഞായർ ദിവസങ്ങളിലാണ് ഈ ട്രെയിൻ ഓടുക


16622 മംഗളൂരൂ - രാമേശ്വരം സർവീസ് ശനി രാത്രി 7:30ന് മംഗളുരുവില്‍ നിന്ന് പുറപ്പെട്ട് ഞായർ രാവിലെ 11:45ന് രാമേശ്വരത്ത് എത്തും. 16621 രാമേശ്വരം-മംഗളുരൂ എക്സ്പ്രസ് ഞായർ ഉച്ചകഴിഞ്ഞ് രണ്ടിന് രാമേശ്വരത്ത് നിന്ന് പുറപ്പെട്ട് തിങ്കള്‍ രാവിലെ 5:50ന് മംഗളൂരുവില്‍ എത്തും. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. 22 കോച്ചുകള്‍ ഉണ്ടാകും. അറ്റകുറ്റപ്പണികള്‍ മംഗളുരുവിലാണ് നടക്കുക.

ഏറ്റവും അനുയോജ്യമായ ദിവസം മുതല്‍ സർവീസ് ആരംഭിക്കാനാണ് റെയില്‍വേ ബോർഡ് നല്‍കിയിട്ടുള്ള നിർദേശം. പാർലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപ് തന്നെ അനുമതി നല്‍കിയതിനാല്‍ സർവീസ് ആരംഭിക്കാൻ സാങ്കേതിക തടസങ്ങള്‍ ഒന്നുമില്ല. ഇതുകൂടാതെ മേട്ടുപ്പാളയം - തൂത്തുക്കുടി - മേട്ടുപ്പാളയം റൂട്ടില്‍ ദ്വൈവാര എക്സ്പ്രസ് (16766/16765) ട്രെയിൻ ആരംഭിക്കാനും റെയില്‍വേ ബോർഡ് അനുമതി നല്‍കിയിട്ടുണ്ട്.

രണ്ട് ട്രെയിനുകളും ഒരേ ദിവസം സർവീസ് ആരംഭിക്കുമെന്നാണ് സൂചന. റെയില്‍വേയുടെ ഔദ്യോഗിക ആപ്പ് ആയ നാഷണല്‍ ട്രെയിൻ എൻക്വയറി സിസ്റ്റത്തില്‍ രണ്ട് വണ്ടികളുടെയും യാത്ര സംബന്ധിച്ച വിശദാംശങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉള്‍പ്പെടുത്തുമെന്നാണ് ദക്ഷിണ റെയില്‍വേ അധികൃതർ സൂചിപ്പിക്കുന്നത്.

▪️

Post a Comment

Previous Post Next Post