സായാഹ്നം ആസ്വദിക്കാനും, ഫോട്ടോകളും റീൽസുകളുമെടുക്കാനും നല്ല കിടിലൻ വൈബുമായി അലക്സ് നഗർ പാലം - വാഹനങ്ങളിൽ ഉൾപ്പെടെ ആളുകളെത്തുന്നു 🔰⭕


ശ്രീകണ്ഠപുരം : സായാഹ്നം ആസ്വദിക്കാനും ഫോട്ടോകളും റീൽസുകളുമെടുക്കാനും ശ്രീകണ്ഠപുരം നഗരസഭയിലെ അലക്‌സ് നഗർ പാലത്തിലേക്ക് ഇപ്പോൾ നിരവധി ആളുകളാണ് എത്തുന്നത്. 

നഗരസഭാ പരിധിയിലെ കാഞ്ഞിലേരിയെയും അലക്സ് നഗറിനെയും ബന്ധിപ്പിക്കുന്ന പാലം ജനുവരിയിലാണ് തുറന്നത്.

10 കോടി ചെലവിൽ നിർമിച്ച പാലത്തിന് 113.75 മീറ്റർ നീളവും 11.05 മീറ്റർ വീതിയുമുണ്ട്. 1.5 മീറ്റർ വീതിയിൽ ഇരുവശത്തും നടപ്പാതയും ഒരുക്കിയിട്ടുണ്ട്.

വൈകുന്നേരങ്ങളിൽ ഈ നടപ്പാതയിൽനിന്ന് ഫോട്ടോ എടുക്കാനും സമീപത്തെ തൂക്കുപാലവും മറ്റ് കാഴ്ചകളും ആസ്വദിക്കാനും പതിവായി വാഹനങ്ങളിൽ ആളുകളെത്തുന്നുണ്ട്. 

പഴയ തൂക്കുപാലത്തിലൂടെ ഇരുകരയിലേക്ക് സഞ്ചരിക്കുകയും
ചെയ്യുന്നവരുണ്ട്.

അധികം തിരക്കില്ലാത്ത ഗ്രാമപ്രദേശത്തെ പാലമായതിനാൽ ആളുകളെത്തുന്നതുകൊണ്ട് ഗതാഗതതടസ്സവും ഉണ്ടാകുന്നില്ല.

പാലത്തിൽ നിന്ന് ചൂണ്ടയിടാനും ചിലർ എത്താറുണ്ടെന്നും തിരുവോണ ദിവസവും തിങ്കളാഴ്ചയും നിരവധിയാളുകൾ എത്തിയെന്നും പ്രദേശവാസികൾ പറഞ്ഞു. 

പാലത്തിന്റെ അലക്സ് നഗർ ഭാഗത്തെ റോഡിനിരുവശവും ഒരുകൂട്ടം യുവാക്കൾ ഒരുക്കിയ പൂത്തുനിൽക്കുന്ന ചെണ്ടുമല്ലികളും ആളുകളെ ആകർഷിക്കുന്നുണ്ട്.

'സ്വപ്നസഞ്ചാരികൾ' എന്ന യുവാക്കളുടെ കൂട്ടായ്‌മയാണ് ഇവ നട്ടുവളർത്തിയത്. 600 തൈകളാണ് ഇവർ നട്ടത്. ആളുകൾക്ക് കാണാനും ഫോട്ടോയെടുക്കാനും മാത്രമാണ് പൂച്ചെടികൾ വളർത്തിയതെന്നും വിളവെടുക്കുകയോ വിൽക്കുകയോ ചെയ്യില്ലെന്നും കൂട്ടായ്‌മയിലെ സനീഷ് ടി. ജോസഫ് പറഞ്ഞു.

*സാധ്യതകൾ പ്രയോജനപ്പെടുത്തണം❗*

വേനൽക്കാലത്ത് മടമ്പം റെഗുലേറ്റർ കം ബ്രിഡ്‌ജിന്റെ ഷട്ടറിടുന്നതിനാൽ ഇവിടെ എല്ലാസമയവും വെളളമുണ്ടാകും. ഇവിടെ പെഡൽ ബോട്ട് ഉൾപ്പെടെയുള്ളവ കൊണ്ടുവന്നാൽ പ്രാദേശിക ടൂറിസം വികസനത്തിന് വഴിയൊരുക്കാനാകും.

അതുപോലെ സമീപത്തെ തൂക്കുപാലവും കൃത്യമായി അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കുകയും വേണം. നിലവിൽ കാഞ്ഞിലേരി ഭാഗത്ത് കണിയാർവയലിൽ നിന്ന് ഉളിക്കലിലേക്ക് പോകുന്ന മനോഹരമായ റോഡുണ്ട്. 

അലക്സ്നഗർ ഭഗത്ത് ഐച്ചേരിയിൽ നിന്നുള്ള രണ്ട് കിലോമീറ്റർ റോഡുകൂടി മെച്ചപ്പെടുത്തിയാൽ മലയോര മേഖലയിലുള്ളവർക്ക് ഇവിടേക്ക് വേഗത്തിൽ എത്തിച്ചേരാനാകും.


Post a Comment

Previous Post Next Post