ഭക്ഷ്യവസ്തുക്കൾ എന്താണെങ്കിലും ബാക്കിയുണ്ടെങ്കിൽഅത് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നമ്മുടെ ശീലത്തിന്റെ ഭാഗമാണ്. വേണ്ടതും വേണ്ടതാത്തതുമായവ കൊണ്ട് ഫ്രിഡ്ജ് നിറഞ്ഞിരിക്കുന്നതും ഒരു പതിവാണ്. എന്നാൽ ചില ഭക്ഷണസാധനങ്ങൾ ഫ്രിഡ്ജിൽ വെച്ച് ഉപയോഗിക്കുന്നത് ആരോഗ്യത്തിനൊട്ടും നല്ലതല്ല. മാത്രമല്ല, ചിലത് സൂക്ഷിക്കുന്നതിൽ കൃത്യമായ രീതിയും കാലാവധിയുമുണ്ട്. എന്തായാലും ഫ്രിഡ്ജിൽ അധികം സൂക്ഷിക്കാൻ പാടില്ലാത്ത, നാല് ഭക്ഷണസാധനങ്ങളെ കുറിച്ച് അറിഞ്ഞിരിക്കാം.
ബാക്കി വരുന്ന ചോറ് ഫ്രിഡ്ജിലെടുത്തു വെക്കുന്നത് ഇക്കാലത്ത് പതിവാണ്. എന്നാൽ ചോറ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് അത്ര നല്ലതല്ല. അടച്ചുറപ്പോടെ ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ ഒരു ദിവസത്തേക്ക് മാത്രം ഇത് വയ്ക്കാം. അതും അത്യാവശ്യമെങ്കിൽ മാത്രം. അതിലധികം സമയം ചോറ് ഫ്രിഡ്ജിൽ വച്ചാൽ പെട്ടെന്ന് പൂപ്പൽ വരാൻ സാധ്യതയേറെയാണ്. ചോറിലായാലും മറ്റ് ഭക്ഷണസാധനങ്ങളിലായാലും വരുന്ന വഴുവഴുപ്പ് ശ്രദ്ധിച്ചിട്ടുണ്ടോ, ഇതാണ് പൂപ്പൽ. പതിവായി ഇങ്ങനെ പൂപ്പൽ പിടിച്ച ഭക്ഷണപദാർത്ഥങ്ങൾ ഉപയോഗിക്കുന്നത് ആന്തരികാവയവങ്ങൾക്കെല്ലാം ഭീഷണിയാണ്. അതിനാൽ ഈ ശീലമുണ്ടെങ്കിൽ നിർബന്ധമായും ഒഴിവാക്കണം. അസുഖങ്ങളെ വിളിച്ചുവരുത്തുന്ന എളുപ്പമാർഗമാണിത്.
ചിലരെങ്കിലും വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിച്ചു കാണാറുണ്ട്. വെളുത്തുള്ളി സാധാരണഗതിയിൽ ഫ്രിഡ്ജിൽ വയ്ക്കേണ്ടതില്ല. തൊലി കളയാതെ വെളുത്തുള്ളി തീരെയും ഫ്രിഡ്ജിൽ വയ്ക്കരുത്. തൊലി കളഞ്ഞ ശേഷമാണെങ്കിൽ എയർടൈറ്റ് പാത്രത്തിലോ ബാഗിലോ സൂക്ഷിക്കാം. അല്ലാതെ വച്ച വെളുത്തുള്ളി ആരോഗ്യത്തിന് നല്ലതല്ല. കാരണം ഇതിൽ ഒരു തരം പൂപ്പൽ വരും. ഈ പൂപ്പലാകട്ടെ ശരീരത്തിന് കേടാണ്. അതുപോലെ വെളുത്തുള്ളിയിൽ പെട്ടെന്ന് മുള വരാനും ഫ്രിഡ്ജിൽ വയ്ക്കുന്നത് കാരണമാകും. മുള വന്ന വെളുത്തുള്ളി ഉപയോഗിക്കരുത്. കാരണം ഇതിൽ 'മൈക്കോടോക്സിൻസ്' എന്ന വിഷപദാർത്ഥം ഉണ്ടാകും. ഇഞ്ചിയും ഇതുപോലെ തന്നെ. ഫ്രിഡ്ജിൽ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. പുറത്തുതന്നെ വയ്ക്കാം. ഇഞ്ചിയുടെ കാര്യത്തിലും ഫ്രിഡ്ജിൽ വയ്ക്കുമ്പോഴുണ്ടാകുന്ന പൂപ്പൽ ശരീരത്തിന് ഹാനികരമാണ്.
ഉള്ളിയാണ് അടുത്തതായി ഫ്രിഡ്ജിൽ സൂക്ഷിക്കരുതാത്ത ഭക്ഷണസാധനം. ഇതും തൊലിയോടെ ഒട്ടും വയ്ക്കരുത്. തൊലി കളഞ്ഞതാണെങ്കിൽ എയർടൈറ്റ് പാത്രമോ ബാഗോ നിർബന്ധമാണ്. അഥവാ സൂക്ഷിക്കുകയാണെങ്കിൽ കൂടി അധികദിവസം ഫ്രിഡ്ജിൽ വയ്ക്കരുത്. വെളുത്തുള്ളിയിലെന്ന പോലെ തന്നെ ഉള്ളിയിലും പൂപ്പൽ പിടിപെടും. ഈ പൂപ്പൽ ആരോഗ്യത്തിന് വലിയ പ്രശ്നമാണ്.
Post a Comment