
കുറ്റ്യാടി: വേളം-കുറ്റ്യാടി പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കുറ്റ്യാടി-കൈപ്രംകടവ് റോഡ് കുഴികൾ നിറഞ്ഞു ഗതാഗതയോഗ്യമല്ലാതായിട്ട് വർഷങ്ങളായിട്ടും നവീകരണത്തിനു നടപടിയില്ല. പെരുവയൽ, ചോയിമഠം, കൂളിക്കുന്ന്, കുറിച്ചകം, വലകെട്ട്, ചെറുകുന്ന് ശാന്തിനഗർ, പഴശ്ശിനഗർ, ഊരത്ത് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാനപ്പെട്ട ഗതാഗതമാർഗമാണ് പ്രസ്തുത റോഡ്. വിദ്യാർഥികളും ജീവനക്കാരും അധ്യാപകരും മറ്റു തൊഴിൽമേഖലകളിൽ ജോലിചെയ്യുന്ന നൂറുകണക്കിനുപേരാണ് ദിനംപ്രതി ഈ റോഡിലൂടെ യാത്രചെയ്യുന്നത്.
വേളം നിവാസികൾക്ക് കുറ്റ്യാടി ടൗണിലെത്തിച്ചേരുന്നതിനുള്ള എളുപ്പമാർഗം കൂടിയാണ് ഈ റോഡ്. ജനങ്ങൾ കൂടുതൽ ഇടപെടുന്ന താലൂക്ക് ആശുപത്രി, രജിസ്റ്റർ ഓഫീസ്, പോലീസ് സ്റ്റേഷൻ തുടങ്ങിയ സർക്കാർസ്ഥാപനങ്ങളും പ്രവർത്തിക്കുന്നത് കുറ്റ്യാടിയിലാണ്. മൂന്നുപതിറ്റാണ്ടുമുമ്പ് ജനകീയപ്രക്ഷോഭത്തിലൂടെയാണ് റോഡ് യാഥാർഥ്യമായത്. റോഡ് പൊതുമരാമത്തുവകുപ്പ് ഏറ്റെടുത്തതിനുശേഷം ഇതുവരെയും അറ്റകുറ്റപ്പണി ഒന്നുംതന്നെ നടത്തിയിട്ടില്ല. പല സ്ഥലങ്ങളിലും റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികൾ നിറഞ്ഞു കാൽനടയാത്രപോലും അസാധ്യമായി. എട്ടുമീറ്റർ വീതിയിലാണ് റോഡിന്റെ നിർമാണം നടത്തിയത്.
ഫണ്ടിന്റെ ലഭ്യതക്കുറവാണ് അറ്റകുറ്റപ്പണികൾ വൈകുന്നത് എന്നാണ് പൊതുമരാമത്തുവകുപ്പ് ഉദ്യാഗസ്ഥർ പറയുന്നത്. റോഡിന്റെ ശോച്യാവസ്ഥ കാരണം ഇതുവരെ സ്ഥിരമായ ഒരു ബസ് സർവീസ് പോലും ഇതുവഴി ഉണ്ടായിട്ടില്ല. ഇത് യാത്രാക്ലേശം ഇരട്ടിയാക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Post a Comment