അധ്യാപിക മർദിച്ചു; പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ




അധ്യാപിക തന്നെ മർദിച്ചുവെന്നും അധ്യാപികക്കെതിരെ അടിയന്തര നടപടി എടുക്കണമെന്നുമാവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി മൂന്നാം ക്ലാസുകാരൻ. തെലങ്കാനയിലാണ് സംഭവം.
ബയ്യാരം പ്രെെവറ്റ് സ്കൂളിലെ ​ഗണിതശാസ്ത്രം അധ്യാപികക്കെതിരെയാണ് വിദ്യാർഥി പരാതി കൊടുത്തിരിക്കുന്നത്. അധ്യാപിക ശാരീരികമായി മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അനിൽ നായിക് എന്ന വിദ്യാർഥി പൊലീസ് സ്റ്റേഷനിലെത്തിയത്.

 
ശനിയാഴ്ച ക്ലാസ് നടന്നുകൊണ്ടിരിക്കെ അനിൽ ക്ലാസിൽ ശബ്ദമുണ്ടാക്കിയതിനും മറ്റുള്ളവരെ ശല്യപ്പെടുത്തിയതിനും അധ്യാപിക വഴക്ക് പറഞ്ഞിരുന്നു.
ശിക്ഷിക്കുമെന്ന് മുന്നറിയിപ്പും നൽകി. ഇതിനെ തുടർന്നാണ് വിദ്യാർഥി ഉച്ചഭക്ഷണത്തിന്റെ ഇടവേള സമയത്ത് സ്കൂളിൽ നിന്നും 200 മീറ്റർ അകലെയുള്ള സ്സ്റ്റേഷനിലേക്ക് പരാതി നൽകാൻ എത്തിയതെന്ന് പൊലീസ് പറഞ്ഞു.
സ്റ്റേഷനിലെത്തിയ വിദ്യാർഥിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ അധ്യാപിക തന്നെ അടിച്ചതായി കുട്ടി പരാതി പറഞ്ഞു. അടിയുടെ കാരണം തിരക്കിയപ്പോൾ കൃത്യമായി പാഠഭാഗങ്ങൾ പഠിക്കാത്തതിനാലാണ് അടിച്ചതെന്നും എന്നാൽ മറ്റേതെങ്കിലും കുട്ടികൾക്ക് സമാന അനുഭവമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് മാത്രമാണ് അടി കിട്ടിയതെന്നുമായിരുന്നു വിദ്യാർഥിയുടെ മറുപടി.

 
ഒരു മൂന്നാം ക്ലാസുകാരൻ പരാതിയുമായി എത്തിയത് തന്നെ അതിശയിപ്പിച്ചെന്ന് ബയ്യാരം എസ് ഐ എം രമാ ദേവി പറഞ്ഞു. വിദ്യാർഥിയുടെ പരാതിയെ തുടർന്ന് സ്കൂളിലെത്തി വിവരങ്ങൾ അന്വേഷിച്ചതായും പരാതി ഒത്തു തീർപ്പാക്കിയതായും എസ്ഐ പറഞ്ഞു.

Post a Comment

Previous Post Next Post