കൈകോർത്തപ്പോൾ മാലിന്യങ്ങളും ചെളിയും നിറഞ്ഞ് ഒഴുക്കുനിലച്ച് മരണശയ്യയിലായ പുഴയ്ക്ക് പുനർജന്മം. വളയം ഗ്രാമപ്പഞ്ചായത്തിലെ മുതുകുറ്റി പയ്യേരിക്കാവ് പുഴയ്ക്കാണ് നാട്ടുകാരുടെ കൂട്ടായ്മയിൽ പുതുജീവൻ കൈവന്നത്. വർഷകാലത്ത് ഒഴുകിയെത്തുന്ന ചെളിയും മാലിന്യങ്ങളും നിറഞ്ഞ് പലയിടത്തും പുഴയുടെ ഒഴുക്ക് തടസ്സപ്പെട്ടിരുന്നു.
വേനൽ കടുത്തതോടെ പുഴയെ വീണ്ടെടുക്കാൻ ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിനായി ഗ്രാമപ്പഞ്ചായത്തിലെ ക്ലബ്ബുകൾ, ഹരിത കർമസേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരും വളയത്ത് പുതുതായി ആരംഭിച്ച കെ.എ.പി. ആറാം ബറ്റാലിയൻ സേനാംഗങ്ങളും സേവനസന്നദ്ധരായെത്തി. ഞായറാഴ്ച മുതുകുറ്റിമുതൽ പൂങ്കുളംവരെയുള്ള ആറു കിലോമീറ്റർ പുഴ ഇവരുടെ കൂട്ടായ്മയിൽ ശുചീകരിച്ചു. ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരും യുവജനസംഘടനകളും പരിപാടിയിൽ പങ്കാളികളായി. ഉച്ചയോടെ മലിനജലം കെട്ടിനിന്ന പുഴയെ തെളിനീരാക്കിമാറ്റിയൊഴുക്കിയാണ് പ്രവർത്തനം അവസാനിപ്പിച്ചത്. ↑
ആറു കിലോമീറ്റർ ദൂരത്ത് ഒമ്പതു സംഘങ്ങളായി തിരിഞ്ഞ് രണ്ടായിരത്തോളംപേർ
ശുചീകരണയജ്ഞത്തിൽ പങ്കാളികളായി. പുഴയുടെ സ്വാഭാവിക ഒഴുക്കിന് തടസ്സമായ ടൺകണക്കിന് പ്ളാസ്റ്റിക് മാലിന്യങ്ങൾ ഇവർ നീക്കംചെയ്തു. കഴിഞ്ഞ വർഷവും ഗ്രാമപ്പഞ്ചായത്ത് നേതൃത്വത്തിൽ ഇത്തരത്തിൽ പുഴ ശുചീകരണം നടത്തിയിരുന്നു.
'ഇനി ഞാൻ ഒഴുകട്ടെ' എന്ന പേരിൽ നടന്ന പരിപാടിയുടെ ഭാഗമായി ചിത്രകാരന്മാരുടെ കൂട്ടായ്മയും ഒരുക്കിയിരുന്നു. പത്ത് ചിത്രകാരൻമാർ പങ്കെടുത്തു. പുഴയുടെയും തീരങ്ങളുടെയും പ്രകൃതിരമണീയതയും പുഴസംരക്ഷണത്തിന്റയും നശീകരണത്തിന്റെയും നേർക്കാഴ്ചകളുമായിരുന്നു ചിത്രകാരൻമാർ കാൻവാസിൽ പകർത്തിയത്.
പുഴ ശുചീകരകരണം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വനജ ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് അധ്യക്ഷനായി. സെക്രട്ടറി വിനോദ് കൃഷ്ണൻ, കെ. വിനോദൻ, എം.കെ. അശോകൻ, എൻ. റൈഹാനത്ത്, കെ.എ.പി. ഓഫീസർ കമാന്റിങ് ഹരിപ്രസാദ്, പി.പി. ചാത്തു, കെ. ചന്ദ്രൻ, കെ.ടി. കുഞ്ഞിക്കണ്ണൻ, പി.കെ. ശങ്കരൻ, വി.കെ. രവി, എം. ദേവി തുടങ്ങിയവർ സംസാരിച്ചു.
Post a Comment