കാറിനുള്ളിൽ യുവാവ് സുഖനിദ്രയിലാഴ്ന്നുകിടന്നത് കടിയങ്ങാട് വെളുത്തപറമ്പത്ത് പ്രദേശത്ത് നാട്ടുകാർക്ക് ആശങ്കയുടെ മണിക്കൂറുകളായി. ശനിയാഴ്ച രാവിലെയാണ് സംഭവം. കുറ്റ്യാടി പേരാമ്പ്ര റൂട്ടിലെ വെളുത്തപറമ്പത്ത് തണൽ കേന്ദ്രത്തിന് സമീപം വേഗത്തിൽ എത്തിയ കാർ പെട്ടെന്ന് നിൽക്കുകയും പിന്നെ മണിക്കൂറുകളോളം അവിടെത്തന്നെ നിർത്തിയിടുകയും
ചെയ്യുകയുമായിരുന്നു.
കുറേസമയം കഴിഞ്ഞിട്ടും കാർ അവിടെത്തന്നെ കിടന്നപ്പോൾ നാട്ടുകാർ വന്നുനോക്കി. ഒരാൾ കാറിലുണ്ടെന്നറിഞ്ഞു. ആളെ വിളിച്ചെങ്കിലും ഒരു
പ്രതികരണവുമുണ്ടായില്ല. ഒരിക്കൽ സീറ്റിലേക്ക് മറിഞ്ഞുവീണ യുവാവ് വീണ്ടും ഉറക്കം തുടർന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഒടുക്കം പോലീസും അഗ്നിരക്ഷാസേനയുമെത്തി. വിവരം കേട്ടറിഞ്ഞ് കൂടുതൽപേരും ചുറ്റും തടിച്ചുകൂടി.
കാറിന്റെ വാതിൽ മുറിക്കാനായിരുന്നു ആദ്യം ആലോചിച്ചത്. അതിനുമുമ്പ് നാട്ടുകാരും സേനാംഗങ്ങളും ചേർന്ന് കാർ ശക്തിയായി കുലുക്കി. അപ്പോഴാണ് യുവാവ് കണ്ണുതുറന്ന് തനിക്കുചുറ്റം നടക്കുന്ന കാര്യമറിയുന്നത്. ആരോഗ്യവകുപ്പിലെ ജീവനക്കാരനായ മൂരികുത്തി സ്വദേശിയായിരുന്നു കാറിൽ.
രാത്രി ജോലി കഴിഞ്ഞുവരുന്ന വഴിയിൽ ഉറക്കം വന്നപ്പോൾ പെട്ടെന്ന് നിർത്തി മയങ്ങിയതായിരുന്നു.
Post a Comment