കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറി തട്ടിപ്പിനിരയായ ഇരകൾക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞ ആറു മാസത്തിലധികമായി സമരം ചെയ്യുന്ന ഇരകളെ സഹായിക്കാൻ രൂപീകരിച്ച സർവ്വകക്ഷി സമര സഹായ സമിതിയുടെ സമരപ്രഖ്യാപന റാലിയും പൊതുയോഗവും നാളെ തിങ്കളാഴ്ച നടക്കും. റാലി വൈകിട്ട് നാലുമണിക്ക് കുറ്റ്യാടിയിൽ നിന്ന് ആരംഭിച്ച് കുളങ്ങരതാഴ പൊതുയോഗത്തോടെ സമാപിക്കും. പൊതുയോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രമുഖ നേതാക്കൾ പങ്കെടുക്കും. തുടർന്ന് മാർച്ച് പതിനഞ്ചാം തീയതി മുതൽ സമരത്തിന് സമരസഹായ സമിതി നേരിട്ട് നേതൃത്വം കൊടുക്കും.
2021 ഓഗസ്റ്റ് 26 നാണ് കുറ്റ്യാടി, പയ്യോളി, കല്ലാച്ചി എന്നിവിടങ്ങളിലെ ഗോൾഡ് പാലസ് ജ്വല്ലറി സ്ഥാപനങ്ങൾ അടച്ചുപൂട്ടി ഉടമകൾ മുങ്ങിയത്. നൂറുകണക്കിന് കുടുംബങ്ങളെ കണ്ണീരിലാഴ്ത്തി കൊണ്ടാണ് ഈ സംഭവം നടന്നത്.നിക്ഷേപകരിൽ ബഹുഭൂരിഭാഗവും സാധാരണക്കാരാണ്. പ്രതികളിൽ ഏതാണ്ടെല്ലാവരും അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു. നിരവധി പാവങ്ങൾ ഉൾപ്പെടുന്ന ഈ ജ്വല്ലറി തട്ടിപ്പിൽ ഇരകളുടെ
നിക്ഷേപം തിരിച്ചു കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങൾക്കായി നിക്ഷേപകർ ഒരു ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു കൊണ്ട് പ്രവർത്തിച്ചു വരുന്നു. കഴിഞ്ഞ ആറുമാസത്തിലധികമായി ആക്ഷൻ കമ്മിറ്റി വിവിധ രീതിയിലുള്ള സമരപരിപാടികൾ നടത്തി കൊണ്ടിരിക്കുന്നു. ആക്ഷൻ കമ്മിറ്റിക്ക് പുറമേ വിവിധ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും ഒറ്റയ്ക്കും കൂട്ടായും ഈ വിഷയത്തിൽ ഇടപെടുകയും സമരപരിപാടികൾ നടത്തുകയും ചെയ്തിട്ടുണ്ട്. ഇതിനിടയിൽ ഉടമകളുമായി ചർച്ചകൾ നടക്കുകയും ചെയ്തിരുന്നു. പക്ഷെ ഉടമകളുടെ നിഷേധാത്മകമായ നിലപാടാണ് ചർച്ച പരാജയപ്പെടുത്തിയത്. തുടർന്ന് കഴിഞ്ഞ 36 ദിവസമായി കുളങ്ങര താഴയിൽ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനിശ്ചിതകാല സമരപരിപാടികൾ ആരംഭിച്ചിരിക്കുകയാണ്. ഈ സമരത്തെ സഹായിക്കാൻ വേണ്ടിയാണ് സർവകക്ഷി രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടുന്ന ഒരു സമര സഹായ സമിതി രൂപീകരിച്ചിരിക്കുന്നത്. വാർത്താ സമ്മേളനത്തിൽ സമര സഹായ സമിതി ചെയർമാൻ ശ്രീജേഷ് ഊരത്ത്, കൺവീനർ റഷീദ് എ എം, സമര സഹായ സമിതി നേതാക്കളായ എം കെ ശശി, മുഹമ്മദ് ബഷീർ കരണ്ടോട്, ആക്ഷൻ കമ്മിറ്റി കൺവീനർ സുബൈർ പി കുറ്റ്യാടി എന്നിവർ പങ്കെടുത്തു.
Post a Comment