ഭാഗ്യം കൂട്ടിനുണ്ടെങ്കിൽ 68 സെന്റ് റബ്ബർ തോട്ടം വെറും ആയിരം രൂപക്ക് സ്വന്തമാക്കാം. വിശ്വാസം വരുന്നില്ല അല്ലേ? സംഭവം സത്യമാണ്. തൃശ്ശൂരിലെ പുതുക്കാട് കല്ലൂർ നായരങ്ങാടി തുയമ്പാലിൽ മുജി തോമസും ഭാര്യ ബൈസിയുമാണ് തങ്ങളുടെ 68 സെന്റ് റബ്ബർ തോട്ടം ഭാഗ്യ പരീക്ഷണത്തിലൂടെ നൽകാൻ ഒരുങ്ങുന്നത്. കോവിഡും പ്രളയവും ചേർന്ന് വരിഞ്ഞു മുറുക്കിയ ജനങ്ങൾക്ക് മുമ്പിൽ പുതിയ വഴി കൂടിയാണ് ഇവർ തുറന്നു നൽകുന്നത്.
ബാധ്യതകൾ വർധിച്ചു വരികയും മകന്റെ പഠന ചെലവിനുള്ള തുക കണ്ടെത്താനാകാതെ വന്നതോടെ മുജി തോമസും ബൈസിയും തങ്ങളുടെ സ്ഥലം വിൽപ്പനക്ക് വെക്കുകയായിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ വില നൽകി ആരും എടുക്കാൻ തയ്യാറായില്ല. തുടർപഠനത്തിനായി മകന് കാനഡയിലേക്കുള്ള പോകാനുള്ള തീയതി അടുത്തടുത്ത് വന്നതോടെ എന്ത് ചെയ്യണമെന്ന ആശങ്ക വർധിക്കുകയായിരുന്നു. പിന്നീട് ആലോചിച്ചപ്പോൾ ഇത്തരത്തിൽ ഒരു ഐഡിയ മനസ്സിൽ തോന്നുകയും ഭർത്താവുമായി ചർച്ച ചെയ്യുകയുമായിരുന്നുവെന്ന് ബൈസി പറയുന്നു. അഭിഭാഷകനുമായി സംസാരിച്ച് നിയമവശങ്ങളെക്കുറിച്ച് മനസ്സിലാക്കി കാര്യങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നു.
വിദേശത്ത് നിന്ന് ഓൺലൈൻ വഴി ടിക്കറ്റ് വാങ്ങിക്കുന്നവരാണ് ഏറെയും. സംഭവം വൈറലായതോടെ നാട്ടിലുള്ളവരും, സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ളവരും ടിക്കറ്റ് വാങ്ങിക്കുന്നുണ്ട്. ഇതൊരു ബിസിനസ് ആയിട്ടല്ല എടുത്തത്. ഇങ്ങനെയാണെങ്കിൽ ഇനിയും അടിച്ചാൽ ടിക്കറ്റ് പോകും. എന്നാൽ അങ്ങനെ ചെയ്യുന്നില്ല. ഇതൊരു ജീവിത മാർഗത്തിന് വേണ്ടിയാണ് ചെയ്യുന്നത്. കൊവിഡ് കാരണം എല്ലാവരും ബുദ്ധിമുട്ടിലാണ്. റിയൽ എസ്റ്റേറ്റ് മേഖല അടക്കം പ്രതിസന്ധിയിലാണ്. പലർക്കും ഭൂമി ഉണ്ടായിട്ടും വിൽക്കാൻ സാധിക്കുന്നില്ല. അത്തരത്തിലുള്ളവർക്കും ഈ ഐഡിയ പ്രചോദനമാകും. ഭൂമിയില്ലാത്തവർക്ക് ഭൂമി കിട്ടുകയും ഉള്ളവർ തന്നെ വീണ്ടും വീണ്ടും ഭൂമി വാങ്ങിക്കൂട്ടുന്നതിന് അറുതി വരികയും ചെയ്യും. ഇത്രയും വൈറലാകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. വൈറലായതോടു കൂടി കോളുകളും കൂപ്പണിന് വേണ്ടിയുള്ള അന്വേഷണവും നിരന്തരം എത്തുന്നുണ്ടെന്ന് ബൈസി പറഞ്ഞു.
Post a Comment