കുന്നംകുളം (തൃശൂർ)∙ മലായ ജങ്ഷനു മുന്നിൽ ബസിടിച്ച് തമിഴ്നാട് സ്വദേശി മരിച്ചു. തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് (55) മരിച്ചത്.
കെഎസ്ആർടിസിയുടെ പുതിയ മോഡൽ ബസായ കെ സ്വിഫ്റ്റാണ് ഇടിച്ചതെന്നു ദൃക്സാക്ഷികൾ പറയുന്നു. വ്യാഴാഴ്ച പുലർച്ചെ അഞ്ചരയോടെ ആയിരുന്നു അപകടം.
തൃശൂർ– കോഴിക്കോട് റൂട്ടിലോടുന്ന കെ സ്വിഫ്റ്റ് ബസ് തൃശൂരിൽ നിന്നും കോഴിക്കോട്ടേക്കു പോകുന്നതിനിടെയാണ് കുന്നംകുളത്തു വെച്ച് അപകടത്തിൽപെട്ടത്. ഇടിച്ച ബസ് നിർത്താതെ പോയി. സമീപത്തെ കടയിൽ നിന്നും ചായ വാങ്ങാൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നാണു ദൃക്സാക്ഷികൾ പറയുന്നത്.
സംഭവമറിഞ്ഞ് കുന്നംകുളം പൊലീസ് നടത്തിയ പരിശോധനയിൽ ബസ് കണ്ടെത്തി. പരുക്കേറ്റയാളെ കുന്നംകുളം ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനെ തുടർന്നു പിന്നീട് തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Post a Comment