വിവാഹം ചെയ്യുമെന്ന ഉറപ്പിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നവർ തമ്മിൽ വിവാഹം നടന്നില്ലെങ്കിൽ, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസ് ഇക്കാലത്ത് അപൂർവമല്ല. സ്ത്രീകൾ ഈ ആരോപണത്തിൽ പരാതി നൽകിയാൽ പൊലീസിനു കേസ് എടുക്കാതെയും തരമില്ല. എന്നാൽ ഇത്തരം സാഹചര്യങ്ങളിലെല്ലാം കുറ്റം ബാധകമാകുമോ? വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസ് ഏതെല്ലാം സാഹചര്യങ്ങളിലാണു തെളിയിക്കാനാവുക?– സമീപകാലത്തു ഹൈക്കോടതിയിൽ നിന്നുണ്ടായ രണ്ടു വിധിന്യായങ്ങളിൽ ഈ ചോദ്യങ്ങൾക്കു വ്യക്തമായ ഉത്തരം ഉണ്ട്.
കോടതി നിയമം വിശകലനം ചെയ്തപ്പോൾ രണ്ടു കേസുകളിലും പ്രതികൾ വിട്ടുപോയി എന്നതിൽനിന്ന് ഒരു കാര്യം വ്യക്തം: ഈ കുറ്റത്തെയും കേസിനെയും സംബന്ധിച്ചു ജനങ്ങൾക്കു വ്യക്തമായ ധാരണയില്ല. വിവാഹം ചെയ്യുമെന്ന ഉറപ്പിൽ ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും വിവാഹം നടക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിലെല്ലാം പീഡനക്കുറ്റം ബാധകമാകില്ലെന്ന് ‘രാമചന്ദ്രൻ കേസി’ൽ ഡിവിഷൻ ബെഞ്ച് സംശയത്തിന് ഇടയില്ലാത്ത വിധം വ്യക്തമാക്കുന്നു. ശാരീരിക ബന്ധത്തിനു ശേഷം പ്രതി മറ്റൊരു വിവാഹം ചെയ്തു എന്നതു കൊണ്ടു മാത്രം കുറ്റം ചുമത്താൻ കഴിയില്ലെന്നാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
വിവാഹ വാഗ്ദാനം ലംഘിച്ചു എന്നതു കൊണ്ടു മാത്രം പീഡനക്കുറ്റം ബാധകമാക്കാനാവില്ലെന്നു സുപ്രീംകോടതിയുടെ വിധിയുമുണ്ട്. വിവാഹം ചെയ്യണമെന്ന ഉദ്ദേശ്യമില്ലാതെ കാര്യസാധ്യത്തിനു വേണ്ടി മാത്രം നൽകുന്ന ഉറപ്പാണ് വ്യാജ വിവാഹ വാഗ്ദാനം ആയി കണക്കാക്കപ്പെടുന്നത്. പ്രതിക്കു യഥാർഥത്തിൽ വിവാഹം കഴിക്കണമെന്ന ഉദ്ദേശ്യം ഇല്ലെങ്കിൽ തെറ്റിദ്ധരിപ്പിച്ചു സമ്മതം നേടിയതാണെന്നു കരുതേണ്ടി വരും. വിവാഹം ചെയ്യണമെന്നുണ്ടെങ്കിലും അതു നടക്കുമോ എന്നു പുരുഷന് ഉറപ്പില്ലാത്ത സാഹചര്യം ഉണ്ടാകാം. വിവാഹം നടക്കാനും നടക്കാതിരിക്കാനുമുള്ള സാധ്യതയുടെ യഥാർഥ വിവരം അറിഞ്ഞിട്ടാണോ സ്ത്രീ സമ്മതം നൽകിയത് എന്ന ചോദ്യം പ്രസക്തമാണെന്നു കോടതി പറഞ്ഞു.
• ഏതു സാഹചര്യത്തിൽ കുറ്റം ബാധകമാകും❓️
കേസിനു ബലം നൽകുന്ന സാഹചര്യങ്ങൾ കോടതി ചൂണ്ടിക്കാട്ടി. സത്യം മറച്ചുവച്ചു തെറ്റിദ്ധരിപ്പിച്ച് സ്ത്രീയുടെ അനുമതി നേടി ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത്, തീരുമാനമെടുക്കാൻ സ്ത്രീക്കു സ്വാതന്ത്ര്യം നിഷേധിക്കുന്ന സാഹചര്യങ്ങൾ ഇവയെല്ലാം കേസിന് ബലം കൂട്ടുന്ന അനുകൂല ഘടകങ്ങളാണ്. ശാരീരിക ബന്ധത്തിനു മുൻപു പ്രതി തനിക്ക് അറിവുള്ള കാര്യങ്ങൾ മറച്ചു വയ്ക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്താൽ സ്ത്രീയുടെ തീരുമാനത്തെ അതു സ്വാധീനിക്കും. അത്തരത്തിൽ തെറ്റിദ്ധരിപ്പിച്ചു സമ്മതം നേടുന്നത് തീരുമാനം എടുക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം ഹനിക്കുന്നതിനു തുല്യമാണ്.
തനിക്ക് അറിയുന്ന കാര്യങ്ങൾ സ്ത്രീയുമായി പങ്കുവയ്ക്കാതിരിക്കുന്നതു തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമാണ്. ഇത്തരം കേസുകളിൽ പ്രതി വിവാഹം കഴിക്കാമെന്നു വ്യാജ വാഗ്ദാനം നൽകിയെന്നോ, യഥാർഥ വസ്തുതകൾ മറച്ചുവച്ച് അനുമതി നേടിയെന്നോ തെളിയിക്കാനുള്ള ബാധ്യത പ്രോസിക്യൂഷനുണ്ട്. ഇതിനുള്ള തെളിവുകൾ സ്ത്രീ നൽകേണ്ടി വരും. സാഹചര്യങ്ങൾ കൂടി വിലയിരുത്തി കേസിൽ തീരുമാനമെടുക്കണമെന്നും കോടതി പറഞ്ഞു.
• സ്ത്രീക്കെതിരെ കുറ്റം നിൽക്കുമോ❓️
പീഡനക്കുറ്റവുമായി ബന്ധപ്പെട്ട ഐപിസി വ്യവസ്ഥകളിലെല്ലാം ‘ലിംഗ നിഷ്പക്ഷത’ ഇല്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഒരു സ്ത്രീ വിവാഹം ചെയ്യാമെന്നു വ്യാജവാഗ്ദാനം നൽകി പുരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ ആ സ്ത്രീക്കെതിരെ പീഡനക്കുറ്റത്തിനു പ്രോസിക്യൂഷൻ സാധിക്കില്ല. അതേസമയം, ഒരു പുരുഷൻ സ്ത്രീയോട് അങ്ങനെ ചെയ്താൽ പ്രോസിക്യൂഷൻ നേരിടണം.
ലൈംഗികതയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്ത്രീയുടെ അധികാരം സംരക്ഷിക്കണം എന്നതാണു നിയമം ലക്ഷ്യമിടുന്നതെന്നു കോടതി ചൂണ്ടിക്കാട്ടി. സ്ത്രീയുടെ താൽപര്യത്തിനു മേൽ പുരുഷനു മേധാവിത്തം ഉണ്ടെന്ന നിയമ സങ്കൽപമാണ് ഇതിന് അടിസ്ഥാനം.
പരസ്പരമുള്ള മേധാവിത്ത– അധീശത്ത ബന്ധം കൂടി പരിഗണിച്ചാവണം, ശാരീരിക ബന്ധത്തിനു സമ്മതം ഉണ്ടായിരുന്നോ എന്നു വിലയിരുത്താൻ. ഭയമോ തെറ്റിദ്ധാരണയോ മൂലം നൽകുന്ന അനുമതി, മനോദൗർബല്യം നേരിടുന്നവരുടെ സമ്മതം, പ്രത്യാഘാതങ്ങൾ മനസ്സിലാക്കാൻ കഴിയാത്തവിധം ലഹരിയുടെ സ്വാധീനത്തിലുള്ളവർ നൽകുന്ന അനുമതി, കുട്ടികളുടെ സമ്മതം ഇവയൊക്കെ നിയമത്തിന്റെ ദൃഷ്ടിയിൽ സമ്മതമായി കണക്കാക്കാനാവില്ലെന്നു നിയമം വ്യക്തമാക്കുന്നു.
• കേസ് സ്റ്റഡി–1
ബന്ധുക്കൾ കൂടിയായ പ്രതിയും യുവതിയും 10 വർഷത്തിലേറെ പ്രണയത്തിൽ ആയിരുന്നു. ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചു. എന്നാൽ സ്ത്രീധനം ഇല്ലാതെ വിവാഹം നടത്താൻ പ്രതിയുടെ മാതാപിതാക്കൾ സമ്മതമായിരുന്നില്ല. പ്രതി മറ്റൊരാളെ വിവാഹം ചെയ്യുന്നതിനു തൊട്ടുമുൻപു യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടതാണു പിന്നീടു കേസിൽ കലാശിച്ചത്. വിചാരണയ്ക്കു ശേഷം സെഷൻസ് കോടതി പ്രതിയെ ജീവപര്യന്തം തടവു ശിക്ഷയ്ക്കു വിധിച്ചു അതിനെതിരെ പ്രതി നൽകിയ അപ്പീലാണു ഹൈക്കോടതിയിലെത്തിയത്. യുവതിയെ വിവാഹം ചെയ്യണമെന്നു പ്രതിക്ക് ഉദ്ദേശ്യം ഉണ്ടായിരുന്നുവെന്നും എന്നാൽ വീട്ടുകാരുടെ എതിർപ്പു മൂലം വാഗ്ദാനം പാലിക്കാനായില്ലെന്നും വ്യക്തമാണെന്നു വിലയിരുത്തിയ ഹൈക്കോടതി സംശയത്തിന്റെ ആനുകൂല്യം നൽകി പ്രതിയെ വിട്ടയച്ചു.
ഈ കേസിൽ വാഗ്ദാനം ലംഘിച്ചു എന്നു പറയാമെങ്കിലും വിവാഹം ചെയ്യാമെന്നു പറഞ്ഞത് വ്യാജ വാഗ്ദാനം ആയിരുന്നു എന്നു കരുതാനാവില്ലെന്നു കോടതി പറഞ്ഞു. സത്യാവസ്ഥ മറച്ചു വച്ചാണു യുവതിയുടെ അനുമതി നേടിയതെന്നും കരുതാനാവില്ല. യുവതിയുടെ സമ്മതമില്ലാതെ ശാരീരിക ബന്ധത്തിലേർപ്പെട്ടു എന്നാണു കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ യുവതിയുടെ മൊഴിയും സെഷൻസ് കോടതിയുടെ കണ്ടെത്തലും അനുസരിച്ച് ശാരീരിക ബന്ധത്തിനു യുവതിയുടെ അനുമതിയുണ്ടെന്നു വ്യക്തമാണ്. പ്രതി വിവാഹം ചെയ്യുമെന്ന ഉറപ്പിൽ സമ്മതത്തോടെ ചെയ്ത കാര്യമാണത്. അനുമതി നേടിയതു വ്യാജ വാഗ്ദാനം നൽകിയോ വസ്തുതകൾ മറച്ചു വച്ചോ ആണെന്നു പ്രോസിക്യൂഷനു തെളിയിക്കാനാകുന്നില്ലെന്നും കോടതി വ്യക്തമാക്കി.
• കേസ് സ്റ്റഡി– 2
കോട്ടയം അഡീഷനൽ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു പ്രതി നൽകിയ ഹർജിയാണു രണ്ടാമത്തെ കേസിന് ആധാരം. പ്രണയത്തിലായിരുന്ന സഹപാഠികൾ തമ്മിൽ വിവാഹത്തിനു തീരുമാനിച്ചു. എന്നാൽ വിവാഹം നടന്നില്ല. ഇരുവരും വേറെ വിവാഹം ചെയ്തു. 2016ൽ ഇരുവരും വീണ്ടും കണ്ടുമുട്ടിയതിനെ തുടർന്നാണു ബന്ധം പുതുക്കിയത്. ഇപ്പോഴും പ്രണയം ഉണ്ടെന്നു പ്രതി അറിയിച്ചതിനെ തുടർന്നു ശാരീരിക ബന്ധത്തിനു മുതിർന്നു. 2020 ഡിസംബർ 16 മുതൽ ഡിസംബർ 29 വരെ പീഡിപ്പിച്ചുവെന്ന പരാതിയാണു കേസിന് ആധാരം.
ഈ കേസിൽ നിർബന്ധിത ശാരീരിക ബന്ധം ആണെന്നു പരാതിയില്ല. വിവാഹം ചെയ്യാമെന്നു പറഞ്ഞതു കൊണ്ടു സമ്മതിച്ചു എന്നാണു യുവതിയുടെ മൊഴി. വിവാഹിതർ ഉൾപ്പെട്ട ഇത്തരം കേസിൽ കുറ്റം ബാധകമാകുമോ എന്ന നിയമപ്രശ്നമാണു ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്. വിവാഹ വാഗ്ദാനത്തിൽ നിന്നു പിന്നീടു പിൻവലിഞ്ഞാൽ പോലും, ആ സമയത്തു വാക്ക് തെറ്റിക്കണമെന്ന് ഉദ്ദേശിക്കുകയോ സത്യം മറച്ചുവയ്ക്കുകയോ ചെയ്തിട്ടില്ലെങ്കിൽ സമ്മതപ്രകാരമുള്ള ശാരീരീക ബന്ധം പീഡനം ആകില്ലെന്ന് ‘രഞ്ജിത് കേസി’ൽ സുപ്രീംകോടതി പറഞ്ഞിട്ടുള്ളതു കോടതി ചൂണ്ടിക്കാട്ടി.
ഇവിടെ വിവാഹം നിലനിൽക്കെയാണ് ഇരുവരും ശാരീരിക ബന്ധത്തിലേർപ്പെട്ടത്. വിവാഹിതയായതിനാൽ നിയമപരമായി മറ്റൊരു വിവാഹം സാധിക്കില്ലെന്നു പെൺകുട്ടിക്കും ബോധ്യമുണ്ട്. വിവാഹിതയായ സ്ത്രീയോടു വിവാഹ വാഗ്ദാനം നടത്തുന്നത് പ്രോസിക്യൂഷൻ കേസിന് ആധാരമാക്കാനാൻ കഴിയില്ലന്നുള്ള മുൻ ഉത്തരവുകൾ കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് ഇരയെ വിവാഹം ചെയ്യണമെന്നു സത്യത്തിൽ ഉദ്ദേശ്യം ഉണ്ടായിരുന്നോ? അതോ ദുരുദ്ദേശ്യത്തോടെ തന്റെ കാര്യസാധ്യത്തിനു വെറുംവാക്ക് പറഞ്ഞതാണോ? പ്രതി ദുരുദ്ദേശ്യത്തോടെ ചെയ്തതാണെങ്കിൽ പീഡനക്കുറ്റം നിലനിൽക്കും, എന്നാൽ ഇവിടെ നിയമപരമായി മറ്റൊരു വിവാഹം സാധിക്കില്ലെന്നു വിവാഹിതയായ സ്ത്രീക്ക് അറിവുള്ളതാണ്. കുറ്റം നിലനിൽക്കില്ലെന്നു പറഞ്ഞ കോടതി, കേസ് റദ്ദാക്കുകയായിരുന്നു.
Post a Comment