നാദാപുരം : യുവ കേരളം തൊഴിൽ നൈപുണ്യ പദ്ധതിയിൽ വേവം മലബാർ കോളേജിൽ താമസിച്ച് പഠിക്കുന്ന അഞ്ച് വിദ്യാർത്ഥിനികൾക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് ആശുപത്രി അധികൃതർ.ഇന്ന് രാവിലെ കോളേജ് കാൻ്റീനിൽ നിന്ന് പൊറാട്ടയും കടല കറിയും കഴിച്ച മൂന്ന് പെൺകുട്ടികൾക്കാണ് ആദ്യം വയറ് വേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടത്.ഇവരെ ഉച്ചയോടെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.പിന്നീട് രണ്ട് വിദ്യാർത്ഥിനികൾ കൂടി ചികിത്സ തേടി. കോളേജ് വിദ്യാർത്ഥികൾക്ക് ആർക്കും കുഴപ്പമില്ലെന്ന് പ്രിൻസിപ്പൾ അറിയിച്ചു.മൂന്ന് മാസത്തെ യുവ കേരളം തൊഴിൽ നൈപുണ്യ പദ്ധതിയിൽ എഴുപത്തിയഞ്ച് പെൺകുട്ടികൾ ഇവിടെ താമസിച്ച് പഠിക്കുന്നുണ്ട്.ഇവിടെ കാൻറ്റീൻ നടത്തുന്നയാൾ പുറത്ത് നിന്ന് കൊണ്ടുവന്ന പൊറാട്ടയാണ് പ്രശ്നമായതെന്ന് സംശയിക്കുന്നതായി പ്രൊജക്റ്റ് കോ-ഓഡിനേറ്റർ അനഘ പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി വനജയും ആരോഗ്യ പ്രവർത്തകരും ആശുപത്രിയിലെത്തി കുട്ടികളെ സന്ദർശിച്ചു. കോഴിക്കോട്, മലപ്പുറം,പാലക്കാട് തൃശ്ശൂർ ജില്ലയിലുള്ള വരാണ് കോളേജിൽ താമസിച്ച് പഠിക്കുന്നത്.
Post a Comment