ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ടൗണിൽനിന്നും നാലു കിലോമീറ്റർ യാത്ര ചെയ്താൽ കൊട്ടത്തലച്ചി മലയടിവാരത്തിലെത്താം. ടാർ റോഡ് അവസാനിക്കുന്ന അടിവാരത്തു നിന്നും ജീപ്പിൽ മലയുടെ മധ്യഭാഗത്ത് ആനക്കുഴിവരെ എത്തിച്ചേർന്ന ശേഷം കാൽനടയായി വേണം മലമുകളിലെത്താൻ. സമുദ്രനിരപ്പിൽ നിന്നും രണ്ടായിരത്തി അഞ്ഞൂറിലധികം അടി ഉയരമുള്ള ഈ മലമുകളിലെ കാറ്റും മഞ്ഞും മഴയും തണുപ്പുമേൽക്കാൻ വിദേശികൾ ഉൾപ്പെടെയുള്ളവരാണെത്തുന്നത്. സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർ പുളിങ്ങോം മുതൽ മുഴുവൻ ദൂരവും കാൽനടയായി സഞ്ചരിക്കാറുണ്ട്. ഒഴിവു ദിനങ്ങളിൽ ഓഫ് റോഡ് റൈഡിനായി വരുന്ന ചെറുപ്പക്കാരും നിരവധിയാണ്.
അടുത്ത നാളിൽ വിദേശികളും ഇവിടെയെത്തിയിരുന്നു. ന്യൂസിലൻഡ് സ്വദേശിനി എലിസബത്തും മകൻ തിയോയും നെതർലൻഡ്കാരൻ ഹാരിയും ഫ്രഞ്ചുകാരനായ ജിയൻ മാരിയും മലമുകളിലെത്തിയിരുന്നു. കണ്ണൂർ-കാസർഗോഡ് ജില്ലകളിലെ ബഹുഭൂരിപക്ഷം പ്രദേശങ്ങളും കുടകു വനഭൂമിയും ഉൾപ്പെടെ നാനാഭാഗത്തേക്കും തടസമില്ലാത്ത കാഴ്ച സമ്മാനിക്കുന്നു എന്നതാണ് കൊട്ടത്തലച്ചിയെ മറ്റു മലകളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
ടൂറിസവുമായി ബന്ധപ്പെട്ട് ചെറുപുഴ പഞ്ചായത്തിന്റെ മുഖ്യ വരുമാന സ്രോതസായി മാറാനുള്ള സാധ്യതകൾ കൊട്ടത്തലച്ചി മലയ്ക്ക് ഏറെയാണ്. തീർഥാടന കേന്ദ്രവുമായ ഇവിടെ പുതുഞായറാഴ്ച നൂറുകണക്കിന് വിശ്വാസികൾ വിശുദ്ധ തോമാശ്ലീഹായോട് നിയോഗങ്ങൾ വെച്ചുള്ള പ്രാർത്ഥനയുമായി എത്തുന്നു. മലയുടെ മുകളിൽ വിശുദ്ധ തോമാശ്ശീഹായുടെ നാമത്തിലുള്ള ചെറിയ പള്ളിയുമുണ്ട്. ജൈവ വൈവിധ്യങ്ങളുടെ കലവറയായ കൊട്ടത്തലച്ചി മലയിൽ പരിസ്ഥിതി സ്നേഹികളും ശലഭ നിരീക്ഷരും വാനനിരീക്ഷകരുമൊക്കെ എത്താറുണ്ട്.
കൊട്ടത്തലച്ചി ഡെവലപ്മെന്റ് സൊസൈറ്റി എന്ന പേരിൽ അടുത്തിടെ നിലവിൽ വന്ന രജിസ്റ്റേർഡ് സൊസൈറ്റിയുടെ പ്രവർത്തന ഫലമായാണ് ഈ പ്രദേശം ഇപ്പോൾ വിദേശികളടക്കമുള്ള സഞ്ചാരികളുടെ ശ്രദ്ധയാകർഷിച്ചുകൊണ്ടിരിക്കുന്നത്. വിനോദ സഞ്ചാരികളെ സഹായിക്കുക, പ്രദേശം മാലിന്യമുക്തമായി സംരംക്ഷിക്കുക, തദ്ദേശീയരുടെ സമഗ്രമായ ഉന്നമനത്തിനായി പ്രവർത്തിക്കുക, സംരംഭകരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് സൊസൈറ്റി പ്രവർത്തിക്കുന്നത്.
ഒറ്റയ്ക്കോ സംഘമായോ യാത്ര ചെയ്യുന്നവർക്ക് കുടിവെളളം, ഭക്ഷണം, ടെന്റുകൾ, ഗൈഡ്, ലൈസൻസ്ഡ് ലൈഫ് ഗാർഡ് തുടങ്ങിയ ആവശ്യങ്ങൾക്കായി സൊസൈറ്റിയെ ബന്ധപ്പെടാവുന്നതാണ്.മലയുൾപ്പെടുന്ന പ്രദേശം പൂർണമായും പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വഴിയിൽ വിവിധ ഭാഗങ്ങളിലായി സൊസൈറ്റി മാലിന്യ റിംഗുകൾ സ്ഥാപിച്ചിട്ടുണ്ട്.
കടപ്പാട്: ജിനോ ഫ്രാൻസിസ്
Post a Comment