ഇന്നു വിപണിയിലെത്തുന്ന ഒട്ടുമിക്ക കാറുകള്‍ക്കും നിര്‍മ്മാതാക്കള്‍ എയര്‍ബാഗുകള്‍ സമര്‍പ്പിക്കുന്നുണ്ട്. എയര്‍ബാഗ് സുരക്ഷയുള്ള കാറുകള്‍ വാങ്ങാനാണ് ഉപഭോക്താക്കള്‍ക്ക് താത്പര്യവും. ഇരട്ട മുന്‍ എയര്‍ബാഗുകളാണ് ഇടത്തരം കാറുകളില്‍ പ്രധാനമായും ഒരുങ്ങാറ്. അതേസമയം ആള്‍ട്ടോ, ക്വിഡ്, റെഡി-ഗോ പോലുള്ള ചെറു കാറുകളില്‍ എയര്‍ബാഗുകള്‍ ഓപ്ഷനല്‍ ഫീച്ചറാണ്.
കാറില്‍ എയര്‍ബാഗുണ്ടെങ്കില്‍ ഭേദപ്പെട്ട സുരക്ഷ ഒരുങ്ങുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ എയര്‍ബാഗുള്ള കാറുകളില്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതായുണ്ട്.
🚗ബുള്‍ബാര്‍ ഘടിപ്പിക്കരുത്:
ബുള്‍ബാര്‍ കാറിന്റെ സുരക്ഷ കൂട്ടുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇതു തെറ്റാണ്. കാറിന്റെ മുന്‍ഭാഗത്ത് നിര്‍മ്മാതാക്കള്‍ ഘടിപ്പിക്കുന്ന സെന്‍സറുകള്‍ മുഖേനയാണ് എയര്‍ബാഗുകള്‍ പ്രവര്‍ത്തിക്കുക. അതായത് അപകടത്തില്‍ സെന്‍സറുകള്‍ നല്‍കുന്ന നിര്‍ദ്ദേശം അടിസ്ഥാനപ്പെടുത്തിയെ എയര്‍ബാഗുകള്‍ പുറത്തു വരികയുള്ളു.
കാറിന്റെ മുന്‍ഭാഗത്ത് ബുള്‍ബാര്‍ ഘടിപ്പിച്ചാല്‍ ആഘാതം തിരിച്ചറിയാന്‍ സെന്‍സറുകള്‍ക്ക് കഴിയാതെ വരും.ഇക്കാരണത്താല്‍ അപകടത്തില്‍ എയര്‍ബാഗുകള്‍ പുറത്തു വരാനുള്ള സാധ്യത കുറയും.ചില അവസരങ്ങളില്‍ സെന്‍സറുകള്‍ അപകടം തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകും. എയര്‍ബാഗുകള്‍ വൈകിയാകും പുറത്തു വരിക. ഇതു കാറിനകത്തെ യാത്രക്കാരുടെ ജീവന്‍ അപകടത്തിലാക്കും.
🚗ഡാഷ്‌ബോര്‍ഡില്‍ കാല്‍ കയറ്റിവെയ്ക്കരുത്:
ഡ്രൈവറിനൊപ്പം മുന്‍നിരയില്‍ ഇരിക്കുന്ന യാത്രക്കാര്‍ ഡാഷ്‌ബോര്‍ഡില്‍ കാല്‍ കയറ്റിവെയ്ക്കുന്ന പതിവ് കാണാറുണ്ട്. ഇരട്ട മുന്‍ എയര്‍ബാഗാണ് കാറില്ലെങ്കില്‍ ഈ ശീലം ഗുരുതര അപകടം വരുത്തിവെയ്ക്കും.
ചെറിയ സ്‌ഫോടനത്തോടെയാണ് എയര്‍ബാഗുകള്‍ പുറത്തുവരാറ്. ഡാഷ്‌ബോര്‍ഡില്‍ കാല്‍ വെച്ചിരിക്കുന്ന സമയത്താണ് എയര്‍ബാഗുകള്‍ പുറത്തുവരുന്നതെങ്കില്‍ കാലുകള്‍ക്ക് സാരമായ പരുക്കേല്‍ക്കും.ഇനി ഇരട്ട മുന്‍ എയര്‍ബാഗ് ഇല്ലെങ്കില്‍ തന്നെ ഈ ശീലം ഒഴിവാക്കുന്നതാണ് ഉത്തമം. ഡാഷ്‌ബോര്‍ഡില്‍ കാല് കയറ്റിവെച്ചാണ് യാത്രയെങ്കില്‍ അപകടത്തില്‍ പരുക്കേല്‍ക്കാനുള്ള സാധ്യത കൂടും.
🚗സ്റ്റീയറിംഗ് വീലിനോട് ചേര്‍ന്നിരിക്കരുത്:
സ്റ്റീയറിംഗ് വീലിലാണ് ഡ്രൈവര്‍ സൈഡ് എയര്‍ബാഗ് ഒരുങ്ങുന്നത്. അതുകൊണ്ടു മുന്നോട്ടാഞ്ഞ് സ്റ്റീയറിംഗ് വീലിനോട് ചേര്‍ന്നുള്ള ഇരുത്തം കൂടുതല്‍ അപകടം സൃഷ്ടിക്കും. എയര്‍ബാഗില്‍ നിന്നുള്ള സ്‌ഫോടനത്തില്‍ ഓടിക്കുന്നയാളുടെ മുഖത്തിന് പരുക്കേല്‍ക്കാം.
മാത്രമല്ല, എയര്‍ബാഗ് പൂര്‍ണമായും വികസിക്കുന്നതിന് മുമ്പെ ഡ്രൈവറുടെ മുഖം സ്റ്റീയറിംഗ് വീലില്‍ ചെന്നിടിക്കും. അതായത് ഫലവത്തായ സുരക്ഷ ഡ്രൈവര്‍ക്ക് കിട്ടില്ല. സ്റ്റീയറിംഗ് വീലില്‍ നിന്നും നിശ്ചിതമായ അകലം കാറോടിക്കുന്നയാള്‍ പാലിച്ചിരിക്കണം.
🚗സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ മറക്കരുത്:
എയര്‍ബാഗുള്ള കാറില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ അപകട തീവ്രത കൂടും. സീറ്റ് ബെല്‍റ്റോടു കൂടിയാണ് മിക്ക എയര്‍ബാഗുകളെയും കമ്പനികള്‍ പരീക്ഷിക്കാറ്. ചില കാറുകളില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചെങ്കില്‍ മാത്രമെ എയര്‍ബാഗുകള്‍ പുറത്തുവരികയുള്ളു.ഇടിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ മുന്നോട്ടു തെറിച്ചുവീഴാതിരിക്കാന്‍ സീറ്റ് ബെല്‍റ്റുകള്‍ സഹായിക്കും. എയര്‍ബാഗുകള്‍ക്ക് പൂര്‍ണമായും വികസിക്കാനുള്ള സാവകാശം കൂടിയാണ് സീറ്റ് ബെല്‍റ്റുകള്‍ ഈ നടപടിയിലൂടെ നല്‍കുന്നത്.
🚗സീറ്റ് കവറിടരുത്:
ഇന്നു വിപണിയില്‍ എത്തുന്ന പുതിയ ഇടത്തരം കാറുകള്‍ക്ക് സൈഡ് എയര്‍ബാഗുകള്‍ നിര്‍മ്മാതാക്കള്‍ നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടു കാറില്‍ സൈഡ് എയര്‍ബാഗുകളുണ്ടെങ്കില്‍ പുറമെ നിന്നും വാങ്ങിയ സീറ്റ് കവറിടാത്തതാണ് ഉത്തമം.മിക്ക കാറുകളിലും സീറ്റിനകത്താണ് സൈഡ് എയര്‍ബാഗുകള്‍ ഒരുങ്ങുന്നത്.
എയര്‍ബാഗുകള്‍ക്ക് പുറത്തുവരാന്‍ പറ്റുന്നവിധത്തിലായിരിക്കും സീറ്റ് കവറുകളെ കമ്പനി രൂപകല്‍പന ചെയ്യാറ്. എന്നാല്‍ പുറമെ നിന്നും വാങ്ങുന്ന സീറ്റ് കവറുകള്‍ എയര്‍ബാഗിന്റെ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കും.
🚗ഡാഷ്‌ബോര്‍ഡില്‍ അലങ്കാര വസ്തുക്കള്‍ അരുത്:
ഡാഷ്‌ബോര്‍ഡില്‍ അലങ്കാര വസ്തുക്കള്‍ സ്ഥാപിക്കാന്‍ മിക്കവര്‍ക്കും താത്പര്യമാണ്. എന്നാല്‍ അപകടങ്ങളില്‍ എയര്‍ബാഗ് പുറത്തുവരുമ്പോള്‍ ഇത്തരം വസ്തുക്കള്‍ ഗുരുതരമായ പരുക്കുകള്‍ സൃഷ്ടിക്കും. സെക്കന്‍ഡിന്റെ നൂറിലൊന്ന് സമയം മതി സ്‌ഫോടനം നടന്ന് എയര്‍ബാഗുകള്‍ പുറത്തുവരാന്‍.ഈ അവസരത്തില്‍ ഡാഷ്‌ബോര്‍ഡില്‍ നിന്നും തെറിക്കുന്ന അലങ്കാര വസ്തുക്കള്‍ മുന്‍നിര യാത്രക്കാരുടെ ജീവന് ഭീഷണിയുണര്‍ത്തും. ഫോട്ടോ ഫ്രെയിം പോലുള്ള അരികുള്ള വസ്തുക്കള്‍ കാറില്‍ സ്ഥാപിക്കാതിരിക്കാന്‍ ഉടമകള്‍ പ്രത്യേകം ശ്രദ്ധിക്കണം.
Post a Comment