കണ്ണൂരില്‍ നിന്നും യുവതി എത്തിയത് സ്വര്‍ണം പണയം വച്ച 13,000 രൂപയുമായി; വിനോദ യാത്ര കഴിഞ്ഞതോടെ പുരുഷ സുഹൃത്തുമായി തർക്കം, ഓടുന്ന കാറിനുള്ളില്‍ നിന്നും യുവതി പുറത്തു ചാടാൻ ശ്രമിച്ചു
എറണാകുളം സ്വദേശിയായ യുവാവിനൊപ്പം വിനോദ യാത്ര കഴിഞ്ഞ് മടങ്ങവെ കണ്ണൂർ സ്വദേശിനിയായ യുവതി ഓടുന്ന കാറിനുള്ളില്‍ നിന്നും പുറത്തേക്ക് ചാടാൻ ശ്രമിച്ചു.
വാഗമണ്ണില്‍ നിന്നു തിരിച്ചുപോകുന്നതിനിടെ പുരുഷ സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണ് യുവതി കാറിനുള്ളില്‍ നിന്നും റോഡിലേക്ക് ചാടാൻ ശ്രമിച്ചത്. ബഹളം കണ്ട് ബൈക്ക് യാത്രക്കാർ കാർ തടഞ്ഞുനിർത്തിയതിന് പിന്നാലെ നാട്ടുകാർ ഇടപെട്ട് ഇരുവരെയും പൊലീസ് സ്റ്റേഷനില്‍ എത്തിച്ചാണ് പ്രശ്നപരിഹാരമുണ്ടാക്കിയത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ കടുത്തുരുത്തി ടൗണിലായിരുന്നു സംഭവം. എറണാകുളം സ്വദേശിയായ യുവാവും കണ്ണൂർ സ്വദേശിയായ യുവതിയും വാഗമണ്ണില്‍ നിന്നു തിരിച്ചുപോവുകയായിരുന്നു. സ്വർണം പണയം വച്ച 13,000 രൂപയുമായാണു യുവതി എത്തിയത്. ഈ പണം യുവാവിനോടു തിരികെ ചോദിച്ചതാണു വഴക്കിനു കാരണമെന്നറിയുന്നു. ഓടുന്ന കാറില്‍ വച്ച് യുവാവ് തന്നെ ഉപദ്രവിച്ചെന്നും തുടർന്നാണു പുറത്തേക്കു ചാടാൻ ശ്രമിച്ചതെന്നും യുവതി പറഞ്ഞു.
കാറിനുള്ളിലെ ബഹളം കണ്ട ബൈക്ക് യാത്രക്കാർ കാർ തടഞ്ഞു. തുടർന്നു കാറിലുണ്ടായിരുന്ന യുവാവും യുവതിയും നാട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ, ഇരുവരെയും നാട്ടുകാർ ഇടപെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പൊലീസ് ഇടപെട്ടതോടെ യുവാവ് കുറച്ചു പണം യുവതിക്കു തിരികെ കൊടുത്തു. രണ്ടുപേരോടും സംസാരിച്ച ശേഷം പൊലീസ് ഇവരെ തിരിച്ചയച്ചു.
Post a Comment