പത്തു വർഷത്തിനകം കേരളത്തിൽ നിന്നും വിദേശത്തേക്ക് പഠിക്കാൻ പോകുന്ന പെൺകുട്ടികൾ വിവാഹം കഴിക്കുക അവിടുത്തെ പൗരന്മാരെയായിരിക്കുമെന്ന് മുരളി തുമ്മാരുകുടി. പത്തു വർഷത്തിനകം കേരളത്തിൽ നിന്നും വർഷത്തിൽ ഒരു ലക്ഷം കുട്ടികൾ വിദേശത്ത് പഠിക്കാൻ പോകും. അതിൽ പകുതിയും പ്ലസ് ടു കഴിഞ്ഞ് ഇരുപത് വയസിൽ താഴെ ആയിരിക്കും. വിദേശത്ത് ചെറുപ്രായത്തിൽ പഠിക്കാൻ പോകുന്ന പകുതി പെൺകുട്ടികളിൽ ഭൂരിഭാഗവും അവർ എത്തുന്ന നാടുകളിൽ പങ്കാളികളെ കണ്ടെത്തുമെന്നാണ് യുഎൻ ദുരന്തനിവാരണ വിഭാഗം തലവൻ കൂടിയായ തുമ്മാരുകുടി അഭിപ്രായപ്പെടുന്നത്.
അങ്ങനെ, വിദേശ വരനും വധുവും എന്ന തലക്കെട്ടോടെ വരുന്ന വാർത്ത തന്നെ ഇല്ലാതാകുമെന്നും അദ്ദേഹം പറയുന്നു. പുറത്തു പോകുന്ന കുട്ടികളുടെ മാതൃക നാട്ടിലേക്കും പടരും. അറേഞ്ച്ഡ് മാരിജ് മ്യൂസിയം പീസാകും. തനിക്ക് വീണ്ടും അനവധി കല്യാണ സദ്യകൾ ഉണ്ണാനാകുമെന്നും മുരളി തുമ്മാരുകുടി രസകരമായി കുറിച്ചു.
ജർമൻ സ്വദേശിയായ മാക്‌സും തിരുവനന്തപുരംകാരിയായ നികിതയും ആഴിമല ക്ഷേത്രത്തിൽ വച്ച് ഇന്നലെയാണ് വിവാഹിതരായത്. പി.എച്ച്.ഡി. പഠനത്തിനിടെ ജർമൻ സർവകലാശാലയിൽ വച്ചുള്ള ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
ജീവശാസ്ത്രത്തിൽ നികിതയും രസതന്ത്രത്തിൽ മാക്‌സും ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. വിദേശത്ത് നിന്നും മാക്‌സിന്റെ രക്ഷിതാക്കളും സഹോദരങ്ങളും മറ്റ് ബന്ധുക്കളും ചടങ്ങിന് എത്തിയിരുന്നു. തിരുവോണത്തിന് ശേഷമാകും മാക്‌സും നികിതയും ജർമനിയിലേക്ക് മടങ്ങുക.
Post a Comment