കുറ്റ്യാടി:കുറ്റ്യാടി വയനാട് റോഡിൽ സ്ഥിതി ചെയ്യുന്ന റെഡിമെയ്ഡ് ഷോപ്പില്‍ അക്രമം നടത്തിയ ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ജസീര്‍ മണ്ണൂര്‍ എന്നയാളാണ് അറസ്റ്റിലായത്. പുഴകടന്ന് ഓടിയ പ്രതിയെ തൊടത്താംകണ്ടിവച്ച് കുറ്റിയാടി പോലിസ് ഓടിച്ചിട്ട് അറസ്റ്റ് ചെയ്യുകയായിരുന്നു പ്രതിയെ അക്രമം നടത്തിയ ഷോപ്പിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞമാസം രാത്രി 10 മണിയോടെയാ ആറംഗ സംഘം മാരകായുധങ്ങളുമായി ഷോപ്പിലേക്ക് ഇരച്ചുകയറി ജീവനക്കാരെയും വസ്ത്രം വാങ്ങാനെത്തിയവരെയും ആക്രമിച്ചത്. റോഡിന് വെളിയില്‍ നിന്നവരെയും ഇവര്‍ ഭീഷണിപ്പെടുത്തി.
മുഖം മൂടി ധരിച്ചാണ് സംഘമെത്തിയതെന്നും ഒരാള്‍ക്ക് മാത്രം മുഖംമൂടിയുണ്ടായിരുന്നില്ലെന്നും ഷോപ്പിലെ ജീവനക്കാര്‍ പറഞ്ഞിരുന്നു. ആറംഗസംഘത്തില്‍പ്പെട്ടവരുമായി യാതൊരു മുന്‍ വൈരാഗ്യവും തങ്ങള്‍ക്കില്ലെന്ന് ഷോപ്പുടമ പറഞ്ഞു. യാതൊരു പ്രകോപനവുമില്ലാതെ ഷോപ്പില്‍ കയറിയ ഇവര്‍ എല്ലാത്തിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഷോപ്പിലെ സാധനങ്ങള്‍ വലിച്ചെറിഞ്ഞു. ഇതിന്റെ പിന്നില്‍ എന്താണ് സംഭവമെന്ന് അറിയില്ലെന്നും ഷോപ്പിലെ ജീവനക്കാര്‍ പറയുന്നു. സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വ്യാപാരി സംഘടനകളും രംഗത്തെത്തിയിരുന്നു
Post a Comment