താമരശ്ശേരി: ചുരം ഒമ്പതാംവളവിനുതാഴെ വനപ്രദേശത്ത് മരിച്ചനിലയിൽ കാണപ്പെട്ട കൊല്ലം കുന്നത്തൂർ ഈസ്റ്റ് രാജേഷ് ഭവനിൽ രാജേഷ് (38)ന്റെ മരണകാരണം വീഴ്ചയിലുണ്ടായ പരിക്കുകളെന്ന് പോലീസ്. ഉയരത്തിൽനിന്ന് താഴോട്ടുപതിക്കുമ്പോൾ സ്വാഭാവികമായുണ്ടാവുന്നതരത്തിലുള്ള പരിക്കുകളാണ് രാജേഷിന്റെ ദേഹത്തുണ്ടായിരുന്നതെന്നാണ് പോസമോർടം നടത്തിയ ഡോക്ടർ
അറിയിച്ചതെന്ന് താമരശ്ശേരി പോലീസ് പറഞ്ഞു.യുവാവിന്റെ തലയുടെ പിൻഭാഗത്ത് ക്ഷതമേൽക്കുകയും കഴുത്തിന്റെ ഭാഗത്തും നട്ടെല്ലിലും
പൊട്ടലേൽക്കുകയും ചെയ്തിരുന്നു.
ഭാരമുള്ള ബാഗ് ചുമലിലിട്ട് ചുരത്തിൽ മുകൾഭാഗത്ത് ഇരിക്കവെ
അബദ്ധത്തിൽ സംരക്ഷണഭിത്തിക്ക് പിറകോട്ട് വീണതാവാമെന്നാണ് പോലീസിന്റെ നിഗമനം.
ബുധനാഴ്ച വൈകീട്ടാണ് ചുരത്തിലെ കൊക്കയിൽ ഉണങ്ങിയ പുല്ലിനുമുകളിൽ കമഴ്ന്നുകിടക്കുന്ന നിലയിൽ രാജേഷിന്റെ മൃതദേഹം കാണപ്പെട്ടത്. മൃതദേഹത്തിന് അടുത്തുള്ള ബാഗും മൊബൈലും പരിശോധിച്ചാണ് താമരശ്ശേരി പോലീസ് ആളെ തിരിച്ചറിഞ്ഞത്.
പനമരത്ത് വെൽഡറായി ജോലിചെയ്യുന്ന രാജേഷ് ചൊവ്വാഴ്ച രാത്രി പനമരത്തുനിന്ന് ആദ്യം കൽപ്പറ്റയിലേക്കും പിന്നീട് കോഴിക്കോട്ടേക്കും ബസ് കയറുകയും യാത്രയ്ക്കിടെ ചുരത്തിന് സമീപം ഇറങ്ങുകയുമായിരുന്നു.
രാജുവാണ് രാജേഷിന്റെ അച്ഛൻ.അമ്മ: രാധാമണി. സഹോദരി: രജനി.
Post a Comment