പെരുവണ്ണാമൂഴി : ഒരിടവേളയ്ക്ക് ശേഷം മുതുകാട്ടിൽ വീണ്ടും ആയുധധാരികളായ മാവോവാദി സംഘമെത്തി. മുതുകാട് പുഷ്പഗിരി മേഖലയിലെ മൂന്ന് വീടുകളിലാണ് ഏഴിന് രാത്രി ആറംഗ മാവോവാദികൾ എത്തിയത്. മാത്യു നെല്ലിമല, രതീഷ് അഞ്ചാനിക്കൽ, ആഗസ്തി പുതുശ്ശേരി എന്നിവരുടെ വീടുകളിലാണ് ആയുധധാരികളായ സംഘം വന്നത്. വൈകീട്ട് 6.30-ഓടെ വീടുകളിൽ എത്തിയ ഇവർ 7.30-ഓടെ സ്ഥലത്തുനിന്ന് പോയതായാണ് പോലീസിന് ലഭിച്ച വിവരം.
നാലുസ്ത്രീകളും രണ്ട് പുരുഷൻമാരും സംഘത്തിലുണ്ടായിരുന്നു.
മാത്യുവിന്റെ വീട്ടിൽനിന്ന് അരിയും പച്ചക്കറിയും രതീഷിന്റെ വീട്ടിൽനിന്ന് അരിയും തേങ്ങയും സോപ്പും ആണിയും ആഗസ്തിയുടെ വീട്ടിൽനിന്ന് പച്ചക്കറിയും ബേക്കറിസാധനങ്ങളുമാണ് കൊണ്ടുപോയത്. ഒരുവീട്ടിൽ നിന്ന് ചായയും കഴിച്ചു. മൊബൈൽ ഫോൺ ചാർജ് ചെയ്യുകയുമുണ്ടായി. പയ്യാനിക്കോട്ടയിൽ ഇരുമ്പയിർ ഖനനം നടത്താൻ നേരത്തേയുണ്ടായ ശ്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് വീടുകളിൽ എത്തിയവർ സംസാരിച്ചത്.
ചക്കിട്ടപാറ പഞ്ചായത്തിലെ അഞ്ചാം വാർഡിൽപ്പെട്ട വനമേഖലയോട് ചേർന്നുള്ള പ്രദേശമാണിത്. ചുരുക്കം വീടുകൾ മാത്രമേ ഇവിടെയുള്ളൂ. ബുധനാഴ്ച രാവിലെയാണ് മാവോവാദികൾ പ്രദേശത്ത് വന്നുപോയ വിവരം നാട്ടിൽനിന്ന് പോലീസിന് ലഭിച്ചത്.
Post a Comment