രണ്ട് ദിവസത്തെ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍; ഇളവുകള്‍ ആര്‍ക്കെല്ലാം?, കേരളം സ്തംഭിക്കുമോ? ആവശ്യങ്ങള്‍ എന്തെല്ലാം?

തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത രാജ്യ വ്യാപകമായിട്ടുള്ള രണ്ട് ദിവസത്തെ പൊതു പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍. ചൊവ്വാഴ്ച രാത്രി 12 വരെ 48 മണിക്കൂറാണ് പണിമുടക്ക്. പ്രധാന തൊഴിലാളി സംഘടനകളെല്ലാം പണിമുടക്കിന്റെ ഭാഗമാകുന്നതോടെ, രണ്ട് ദിവസം കേരളത്തില്‍ ഹര്‍ത്താലിന് തുല്യമാകും. തൊഴിലാളി വിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, പൊതുമേഖല സ്വകാര്യവല്‍ക്കരണവും ദേശീയ ആസ്തി വില്‍പനയും നിര്‍ത്തിവെക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. വ്യാപാര-വാണിജ്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും പണിമുടക്കില്‍ പങ്കെടുക്കും.

ഈ ദിവസങ്ങളില്‍ വൈദ്യുതി വിതരണം തടസപ്പെടാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചതായി കെഎസ്ഇബി അറിയിച്ചു. അവശ്യസര്‍വീസുകള്‍ അയക്കുന്നതിന് കെഎസ്ആര്‍ടിസി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളം, ആശുപത്രി, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്ക് ബസ് സര്‍വീസുണ്ടാകും. ഡിപ്പോകളില്‍ യാത്രക്കാര്‍ എത്തുകയാണെങ്കില്‍ യാത്രാ സൗകര്യം ഒരുക്കേണ്ട നിര്‍ദ്ദേശം ഗതാഗതമന്ത്രി നല്‍കിയിട്ടുണ്ട്. ആശുപത്രി, മരുന്നുകടകള്‍, പാല്‍, പത്രം തുടങ്ങി ആവശ്യ സര്‍വീസുകളെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

 

പണിമുടക്കിനെക്കുറിച്ച് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും എംപിയുമായ എളമരം കരീം പറഞ്ഞത്: 'ജനങ്ങളെ രക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക' എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പണിമുടക്ക്. തൊഴിലാളികളുടെ സാമ്പത്തിക ആവശ്യങ്ങള്‍ മാത്രം ഉന്നയിച്ചുകൊണ്ടല്ല, മറിച്ച് രാജ്യത്തിന്റെ വിശാല താല്‍പ്പര്യം ഉയര്‍ത്തിപ്പിടിച്ചാണ് ഈ പണിമുടക്ക്. താഴെ പറയുന്ന ആവശ്യങ്ങളാണ് പണിമുടക്കിനാധാരമായി ഉന്നയിച്ചിരിക്കുന്നത്.

 

ലേബര്‍കോഡുകള്‍ പിന്‍വലിക്കുക, എസന്‍ഷ്യല്‍ ഡിഫന്‍സ് സര്‍വീസ് നിയമം പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും പൊതുആസ്തി വില്‍പ്പനയും നിര്‍ത്തുക, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, മറ്റ് പ്രധാന പൊതുസേവനമേഖലകള്‍ എന്നിവയ്ക്കുള്ള ബജറ്റ് വിഹിതം വര്‍ധിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതിക്ക് കൂടുതല്‍ തുക അനുവദിക്കുക, പദ്ധതി നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുക, സംയുക്ത കര്‍ഷക മുന്നണി ഉന്നയിച്ച ആറ് ആവശ്യം അംഗീകരിക്കുക, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ക്ക് പണം സ്വരൂപിക്കാന്‍ സമ്പന്നരുടെ മേല്‍ കൂടുതല്‍ നികുതി ചുമത്തുക, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ മേലുള്ള കേന്ദ്ര എക്‌സൈസ് നികുതി ഗണ്യമായി കുറയ്ക്കുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിച്ച്, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക.

 

ഇതിനുപുറമെ, ഒരു ദശകത്തിലധികമായി ഉന്നയിക്കുന്ന മറ്റാവശ്യങ്ങളും- എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം, സാര്‍വത്രിക സാമൂഹ്യസുരക്ഷ, കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പ്രൊവിഡന്റ് ഫണ്ട്- മിനിമം പെന്‍ഷന്‍ തുക വര്‍ധിപ്പിക്കുക, സ്‌കീം തൊഴിലാളികളെ 'തൊഴിലാളി' എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തുക- എന്നതും പണിമുടക്കിന്റെ ഭാഗമായി ഉയര്‍ത്തുന്നുണ്ട്.

 

മഹാമാരി കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസം നല്‍കണമെന്ന ആവശ്യവും ഉയര്‍ത്തുന്നു. ഈ മുദ്രാവാക്യങ്ങള്‍ക്ക് ആധാരമായ പ്രശ്‌നങ്ങള്‍, രാജ്യത്ത് നടപ്പാക്കിവരുന്ന നവ-ഉദാരവല്‍ക്കരണ നയങ്ങളുടെ ഭാഗമായിട്ടുള്ളതാണ്. ലോകത്താകെ ജനങ്ങളുടെ ജീവിതം ദുരിതത്തിലേക്ക് നയിച്ച ഉദാരവല്‍ക്കരണ നയങ്ങളില്‍നിന്ന് രാജ്യത്തെ രക്ഷിക്കുക എന്നതാണ് ദേശീയ പണിമുടക്കിന്റെ പ്രധാന ലക്ഷ്യം.

1991ല്‍ നരസിംഹറാവു സര്‍ക്കാര്‍ ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവും ആരംഭിച്ചതുമുതല്‍ തൊഴിലാളികള്‍ പ്രക്ഷോഭം നടത്തുകയാണ്. 1991 നവംബര്‍ 29ന് ആദ്യത്തെ ദേശീയ പണിമുടക്ക് നടന്നു. 2020 നവംബര്‍ 26ന് 20--ാമത്തെ പണിമുടക്കും നടത്തി. ഓരോ പണിമുടക്കിലും തൊഴിലാളികളുടെ പങ്കാളിത്തം വര്‍ധിച്ചു. തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ നയങ്ങളുടെ പ്രത്യാഘാതമായിട്ടാണെന്ന് ബോധ്യപ്പെട്ട തൊഴിലാളികള്‍ ഈ നയങ്ങള്‍ക്കെതിരായി സമരം തിരിച്ചുവിട്ടു.

 

ഇത്തവണത്തെ പണിമുടക്കും രാജ്യത്തെ വിവിധ വിഭാഗം ജനങ്ങളുടെ ജീവിതവുമായി നേരിട്ട് ബന്ധപ്പെടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ്. ബിഎംഎസ് ഒഴികെ സംഘടനകള്‍ ഒറ്റക്കെട്ടായിട്ടാണ് അണിനിരക്കുന്നത്. - രാജ്യത്തെ കാര്‍ഷിക മേഖല കോര്‍പറേറ്റുകള്‍ക്ക് തീറെഴുതാന്‍ ലക്ഷ്യംവച്ച മൂന്ന് കാര്‍ഷിക നിയമം പാര്‍ലമെന്റ് പാസാക്കിയത് മോദിസര്‍ക്കാര്‍ നടപ്പാക്കുന്ന ഉദാരവല്‍ക്കരണ നയങ്ങളുടെ അടിസ്ഥാനത്തിലാണ്. ഒരുവര്‍ഷത്തിലേറെ കര്‍ഷകര്‍ നടത്തിയ ധീരോദാത്തമായ പോരാട്ടങ്ങളെത്തുടര്‍ന്ന് നിയമങ്ങള്‍ പിന്‍വലിക്കേണ്ടിവന്നു. രാജ്യത്തെ തൊഴിലാളിവര്‍ഗം കര്‍ഷകസമരത്തിന് സജീവ പിന്തുണ നല്‍കി. 'ഭാരതബന്ദ്' ഉള്‍പ്പെടെ വിജയിപ്പിക്കാന്‍ തൊഴിലാളികളും രംഗത്തിറങ്ങി

.എല്ലാ പ്രധാന വ്യവസായമേഖലകളിലെയും- മാനുഫാക്ചറിങ്, വൈദ്യുതി, കല്‍ക്കരി, ബാങ്ക്, ഇന്‍ഷുറന്‍സ്, ട്രാന്‍സ്‌പോര്‍ട്ട്, തുറമുഖങ്ങള്‍, നിര്‍മാണം, അസംഘടിതമേഖല തുടങ്ങിയ രംഗങ്ങളിലെയെല്ലാം തൊഴിലാളികള്‍ ഒന്നിച്ചാണ് പണിമുടക്കില്‍ അണിനിരക്കുന്നത്. ബാങ്ക് ജീവനക്കാര്‍ കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 62 പണിമുടക്കാണ് നടത്തിയത്. ദേശസാല്‍കൃത ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കുന്ന, രാജ്യത്തിന് വിനാശകരമായ നയങ്ങള്‍ക്കെതിരെയായിരുന്നു ഈ സമരങ്ങള്‍. വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റ്, കൊച്ചിന്‍ റിഫൈനറി, പാലക്കാട് ബെമല്‍ ഫാക്ടറി, തിരുവനന്തപുരത്തെ എച്ച്എല്‍എല്‍ എന്നീ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സമരം നടത്തിവരികയാണ്. വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ ചണ്ഡിഗഢ്, ജമ്മു കശ്മീര്‍, പുതുച്ചേരി സംസ്ഥാനങ്ങളില്‍ തൊഴിലാളി സമരത്തിന് മുന്നില്‍ സര്‍ക്കാരുകള്‍ മുട്ടുമടക്കി.

 

തൊഴിലാളികളുടെ യോജിച്ച സമരങ്ങള്‍ ശക്തിപ്പെട്ട് വരുന്നതിനാല്‍ ഉദ്ദേശിച്ചതുപോലെ സ്വകാര്യവല്‍ക്കരണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ദേശീയ ആസ്തികള്‍ ദീര്‍ഘകാലത്തേക്ക് പാട്ടത്തിന് നല്‍കുന്ന 'മോണിറൈസേഷന്‍' പദ്ധതി പ്രഖ്യാപിച്ചത്. ആറ് ലക്ഷം കോടി രൂപ സംഭരിക്കാന്‍ ദേശീയ പാതകള്‍, വൈദ്യുതി ലൈനുകള്‍, ഗ്യാസ് വിതരണ ലൈനുകള്‍, ബിഎസ്എന്‍എല്‍ ടവറുകള്‍, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ട്രെയിനുകള്‍, സ്റ്റേഡിയങ്ങള്‍ മുതലായ പൊതു ആസ്തികള്‍ മുപ്പത് വര്‍ഷത്തേക്ക് സ്വകാര്യമുതലാളിമാരെ എല്‍പ്പിക്കുന്നതാണ് ഈ നയം.

ഇന്ത്യന്‍ തൊഴിലാളിവര്‍ഗം സ്വാതന്ത്ര്യത്തിന് മുമ്പും പിമ്പും നടത്തിയ നിരവധി സമരങ്ങളുടെ ഫലമായിട്ടാണ് തൊഴിലാളികളുടെ അവകാശങ്ങള്‍ പരിമിതമായ നിലയിലെങ്കിലും സംരക്ഷിക്കാന്‍ ഉതകുന്ന തൊഴില്‍ നിയമങ്ങള്‍ ഉണ്ടായത്. ഐഎല്‍ഒ അംഗീകരിച്ച പ്രമാണങ്ങള്‍ അംഗീകരിച്ചാണ് ഇന്ത്യയില്‍ ചില നിയമങ്ങള്‍ പാസാക്കിയത്. ഇപ്പോള്‍ അതെല്ലാം തകര്‍ത്ത്, തൊഴിലാളികളെ അടിമസമാനമായി തൊഴില്‍ ചെയ്യിക്കാന്‍ കോര്‍പറേറ്റുകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്ന നിയമങ്ങളാണ് മോദി സര്‍ക്കാര്‍ പാസാക്കിയിരിക്കുന്നത്.

2019ലും 2020ലും പാര്‍ലമെന്റ് പാസാക്കിയ നാല് ലേബര്‍ കോഡ്, നിലവിലുണ്ടായിരുന്ന 29 തൊഴില്‍നിയമത്തിന്റെ അലകും പിടിയും മാറ്റിക്കൊണ്ടുള്ളതാണ്. തൊഴിലാളികള്‍ക്ക് ട്രേഡ് യൂണിയന്‍ രൂപീകരിക്കാനുള്ള അവകാശം ലേബര്‍കോഡ് പരിമിതപ്പെടുത്തി. പണിമുടക്ക് സമരം ഫലത്തില്‍ അസാധ്യമാക്കി. എട്ട് മണിക്കൂര്‍ ജോലി എന്ന തത്വവും 'മിനിമം വേതനം' എന്ന തത്വവും ദുര്‍ബലമാക്കി, 'നിശ്ചിതകാല ജോലി' എന്ന ഒരു പുതിയ സമ്പ്രദായം നിയമാനുസൃതമാക്കി. മേലില്‍ ഒരു വ്യവസായത്തിലും സ്ഥിരം ജോലികള്‍ ഉണ്ടാകില്ല.

 

ഇന്‍ഷുറന്‍സ് മേഖലയില്‍ സ്വകാര്യ മൂലധനത്തിന് പ്രവേശനം നല്‍കിയത് വാജ്‌പേയി സര്‍ക്കാരാണ്. 43 സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി ഇന്ത്യയില്‍ സ്ഥാപിച്ചെങ്കിലും പൊതുമേഖലയിലെ എല്‍ഐസിയും ജിഐസിയും മേധാവിത്വം തുടര്‍ന്നു. അന്തര്‍ദേശീയ ധനമേഖലാ കുത്തകകളുടെ സമ്മര്‍ദത്തിന് വഴങ്ങിയ മോദി സര്‍ക്കാര്‍ ആദ്യം ജിഐസി സ്വകാര്യവല്‍ക്കരണ നിയമം പാസാക്കി. തുടര്‍ന്ന്, എല്‍ഐസി സ്വകാര്യവല്‍ക്കരണം ആരംഭിച്ചു. 42 കോടി പോളിസി ഉടമകളുള്ള എല്‍ഐസിയുടെ ആസ്തി 38 ലക്ഷം കോടി രൂപയാണ്. രാജ്യത്തിന്റെ വികസന പദ്ധതികളില്‍ എല്‍ഐസി നല്‍കിയ സംഭാവനകള്‍ മറക്കാനാകാത്തതാണ്. അത്തരമൊരു സ്ഥാപനത്തെയാണ് ലാഭക്കൊതിയന്മാരായ സ്വകാര്യകുത്തകകള്‍ക്ക് കൈമാറുന്നത്.

രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ പൊതുമേഖലയെ സംരക്ഷിക്കാനാകും എന്നതിന്റെ ഉദാഹരണമാണ് കേരളം. കേന്ദ്രസര്‍ക്കാര്‍, സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ച 'വെള്ളൂര്‍ ന്യൂസ് പ്രിന്റ്' ഫാക്ടറി കേരള സര്‍ക്കാര്‍ ഏറ്റെടുത്തു. 'ഹിന്ദുസ്ഥാന്‍ ലാറ്റെക്‌സ്' ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. തിരുവനന്തപുരം വിമാനത്താവളവും ഏറ്റെടുക്കാന്‍ കേരളസര്‍ക്കാര്‍ സന്നദ്ധമായിരുന്നു. അതിനെ അവഗണിച്ചാണ് മോദി സര്‍ക്കാര്‍ 'അദാനിക്ക്' ഏല്‍പ്പിച്ചു കൊടുത്തത്. കൊച്ചിന്‍ റിഫൈനറി, എല്‍ഐസി സ്വകാര്യവല്‍ക്കരണം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള അസംബ്ലിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം സഭ ഏകകണ്ഠമായി പാസാക്കി. പൊതുമേഖലാ സംരക്ഷണത്തിനായി പൊരുതുന്ന തൊഴിലാളികള്‍ക്കെല്ലാം ആത്മവിശ്വാസം നല്‍കുന്ന നടപടിയാണിത്. മോദി സര്‍ക്കാരിന്റെ 'ചങ്ങാത്ത മുതലാളിത്ത' നയങ്ങള്‍ ജനങ്ങളെയും രാജ്യത്തെയും പാപ്പരാക്കുന്നു.

 

കോര്‍പറേറ്റുകള്‍ തടിച്ചുകൊഴുക്കുന്നു. തൊഴിലില്ലായ്മ അതിരൂക്ഷമാണ്. 2014ല്‍ മോദി വാഗ്ദാനം ചെയ്തത് വര്‍ഷംതോറും രണ്ട് കോടി വീതം പുതിയ തൊഴില്‍ സൃഷ്ടിക്കുമെന്നായിരുന്നു. അത് അമ്പേ പൊളിഞ്ഞു. ലേബര്‍ സര്‍വേപ്രകാരം 45 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മയാണ് രാജ്യത്ത്. സെന്റര്‍ ഫോര്‍ മേണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സിഎംഐഇ) റിപ്പോര്‍ട്ട് പ്രകാരം 2020 ഫെബ്രുവരിയില്‍ രാജ്യത്തെ ആകെ തൊഴില്‍ ചെയ്യുന്നവര്‍ 405.9 ദശലക്ഷം എന്നാണ്. 2021 ആഗസ്ത് ആകുമ്പോള്‍ അത് 397.8 ദശലക്ഷമായി കുറഞ്ഞു. രൂക്ഷമായ ഈ പ്രശ്‌നത്തിന് ഒരു പരിഹാരവും നിര്‍ദേശിക്കുന്നില്ല. 2022-23 വര്‍ഷത്തേക്കുള്ള ബജറ്റില്‍ പറഞ്ഞത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 60 ലക്ഷം പുതിയ തൊഴില്‍ സൃഷ്ടിക്കുമെന്നാണ്.

പട്ടിണിക്കാരുടെ എണ്ണവും വര്‍ധിച്ചുവരുന്നു. 2012ല്‍ പട്ടിണിക്കാര്‍ 21.7 കോടിയായിരുന്നത്, 2019-20ല്‍ 28.3 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 7.6 കോടി ജനങ്ങള്‍ ദരിദ്രരായി മാറി. ഈ സാഹചര്യത്തിലും കുത്തകകളുടെ സമ്പത്ത് വര്‍ധിച്ചു. സാമ്പത്തിക അസമത്വം ഏറെ കൂടിയ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. ദേശീയ വരുമാനത്തില്‍ സ്വകാര്യസമ്പത്തിന്റെ തോത് 1980ല്‍ 290 ശതമാനമായിരുന്നത് 2020ല്‍ 555 ശതമാനമായി ഉയര്‍ന്നു. ജനസംഖ്യയുടെ മുകള്‍തട്ടിലെ ഒരു ശതമാനം(അതിസമ്പന്നര്‍) രാജ്യത്തെ ആകെ സമ്പത്തിന്റെ മൂന്നില്‍ ഒരു ഭാഗം കൈക്കലാക്കി..

1995നും 2001നുമിടയില്‍ അംബാനി, അദാനി എന്നിവരടങ്ങുന്ന ലോകത്തിലെ 52 ശതകോടീശ്വരന്മാരുടെ സമ്പത്ത് വര്‍ഷംപ്രതി 10 ശതമാനമെന്ന തോതില്‍ വര്‍ധിച്ചിരുന്നു. ഏറ്റവും കൂടിയ വര്‍ധനയുണ്ടായത് ഗൗതം അദാനിയുടെ സമ്പത്തിലാണ്. കോവിഡ് കാലത്ത് അദാനിയുടെ സമ്പത്തില്‍ എട്ട് മടങ്ങ് വര്‍ധിച്ചു. ഈ കാലത്ത് ഇന്ത്യയിലെ തൊഴിലാളികള്‍ ജോലിയും വരുമാനവും നഷ്ടപ്പെട്ട് നെട്ടോട്ടമോടുകയായിരുന്നു. കോവിഡ് ബാധിച്ച് പാവപ്പെട്ട ജനങ്ങള്‍ മരുന്നും ഓക്‌സിജനും കിട്ടാതെ മരിച്ചുവീഴുകയായിരുന്നു. ഈ അവസ്ഥ സൃഷ്ടിക്കാന്‍ കാരണമായ നയങ്ങള്‍ക്കെതിരായിട്ടാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്. ദേശാഭിമാന പ്രചോദിതമായ ദേശീയ പണിമുടക്ക് വന്‍ വിജയമാക്കാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.

Post a Comment

Previous Post Next Post