രാത്രിയിൽ അടുക്കളയിൽ പോയി ലൈറ്റിട്ടാൽ പാറ്റകളുടെ സംസ്ഥാന സമ്മേളനം കണ്ടിട്ടില്ലാത്ത എത്ര വീടുകളുണ്ട് കേരളത്തിൽ!
ലോകത്തിലെ ഏറ്റവും അതിജീവനശേഷിയുള്ള ജീവികളിൽ ഒന്നാണ് പാറ്റ. സമകാലികരായിരുന്ന ദിനോസറുകളുടെ വംശം കുറ്റിയറ്റിട്ടും പാറ്റ കൂളായി ഇപ്പോഴും ഓടിനടക്കുന്നു. വീട്ടമ്മമാരുടെ നിത്യശത്രു കൂടിയാണ് ഇവൻ. പാത്രങ്ങളിലും ഷെല്‍ഫുകളിലും കയറി ഇറങ്ങുന്നതിനൊപ്പം അസുഖങ്ങള്‍ പരത്താനും ഈ പാറ്റകള്‍ കാരണമാവുന്നുണ്ട്.
എങ്ങനെയാണ് ഈ പാറ്റകളെ വീടുകളില്‍ നിന്നും പുറത്താക്കേണ്ടത് ? ഇതാ സംഗതി നിസ്സാരം.
1. വൃത്തി പ്രധാനം
എപ്പോഴും വീട് വൃത്തിയാക്കി സൂക്ഷിക്കുക എന്നത് പാറ്റാശല്യത്തിനുള്ള ഒരു പ്രധാനപ്രതിരോധനടപടിയാണ്. അടുക്കും ചിട്ടയും ഉള്ള വീടുകളില്‍ പാറ്റ ശല്യം കുറവായിരിക്കും. അവയ്ക്ക് കയറി ഇരിക്കാനും ഒളിക്കാനും സ്ഥലം ഇല്ലെങ്കില്‍ തന്നെ പാറ്റകള്‍ അധികം പെരുകില്ല. വൃത്തിഹീനമായ അടുക്കള , ശുചിമുറി എന്നിവിടങ്ങള്‍ പാറ്റകള്‍ക്ക് പ്രിയപ്പെട്ട സ്ഥലങ്ങള്‍ ആണ്. അതുപോലെ അലമാരകള്‍ , ബുക്ക് ഷെല്‍ഫ് എല്ലാം. വീട്ടില്‍ മാലിന്യങ്ങള്‍ ഇല്ലാതാക്കിയാല്‍ തന്നെ ഇത്തരം അവസ്ഥകള്‍ക്ക് നല്ലൊരുപരിധിവരെ നമുക്ക് പരിഹാരം കാണാവുന്നതാണ്.
2. പാറ്റഗുളിക
പാറ്റഗുളിക ഒരു പരിധി വരെ പാറ്റകളെ ഇല്ലാതാക്കും. അലമാരകളിലും വാഷ്‌ബേസിനിലും ഒക്കെ ഇത് ഒരെണ്ണം ഇട്ടു വച്ചാല്‍ പാറ്റശല്യം കുറയും. പല വിധത്തിലുള്ള പാറ്റഗുളികകള്‍ ലഭ്യമാണ്. എന്നാല്‍ ചെറിയ കുട്ടികള്‍ ഉള്ള വീടുകളില്‍ ഇവ ഉപയോഗിക്കുമ്പോള്‍ സൂക്ഷിക്കുക. കുട്ടികള്‍ ഇവ എടുത്തു അറിയാതെ വായില്‍ ഇടാനുള്ള സാധ്യത അപകടം ഉണ്ടാക്കും.
3. വെള്ളം
വീട്ടിനുള്ളില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളം കെട്ടി നില്‍ക്കുന്നത് പാറ്റകള്‍ പെരുകാന്‍ കാരണമാകും. വെള്ളം ഇല്ലാതെ ഏഴ് ദിവസത്തില്‍ കൂടുതല്‍ പാറ്റകള്‍ക്ക് നിലനില്‍ക്കാനാവില്ല. അതിനാല്‍ വീടിനുള്ളിലെ നനവും ഈര്‍പ്പവും പരമാവധി കുറയ്‌ക്കുക. വെള്ളം ചോരുന്നത് ഒഴിവാക്കുക. നല്ല സൂര്യപ്രകാശം വീടുകള്‍ക്കുള്ളില്‍ ഉണ്ടെങ്കില്‍ തന്നെ പാറ്റകള്‍ കുറയും.
4. ലോഷന്‍
രൂക്ഷഗന്ധമുള്ള ദ്രാവകം ഉപയോഗിച്ച് തറ പതിവായി തുടയ്‌ക്കുക. ഭക്ഷണം അന്വേഷിച്ച് എത്തുന്ന പാറ്റകളെ ഇത്തരം രൂക്ഷഗന്ധങ്ങള്‍ തുരത്തി ഓടിക്കും. അതേസമയം തറ വൃത്തിയാക്കുമ്പോള്‍ അധികം നനവ് വരാതിരിക്കാന്‍ ശ്രദ്ധിക്കുക. ഫിനോയില്‍ ഉപയോഗിച്ച് തറ തുടക്കുന്നതും എന്തുകൊണ്ടും നല്ലതാണ്.
5. ബോറിക്ക് ആസിഡ്
പാറ്റകളെ തുരത്താന്‍ ഇത് നല്ലതാണ്. ബോറിക് ആസിഡ് വീടിനു ചുറ്റും തളിക്കുക. ഇത് ഒരു തവണ തന്നെ ഉപയോഗിച്ചാല്‍ നല്ല മാറ്റം നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കും . പാറ്റകള്‍ വരാന്‍ സാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ ബോറിക് ആസിഡ് പൗഡര്‍ വിതറുക.
6. വഴണയില
പാറ്റയുള്ള സ്ഥലങ്ങളില്‍ ഇത് ഇടുക. ഇതിന്റെ ഗന്ധം പാറ്റകള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. വിഷപദാര്‍ത്ഥങ്ങള്‍ ഒന്നും അടങ്ങിയിട്ടാല്ലാത്ത സുരക്ഷിതമായ മാര്‍ഗമാണ് ഇത്. ഈ ഇലയുടെ രൂക്ഷഗന്ധം പാറ്റകളെ വീടിനകത്ത് പ്രവേശിക്കുന്നത് തടയും.
7.മുറി തണുപ്പിക്കാം
മുറികള്‍ എസി ഓണ്‍ ആക്കി ഇടക്കിടെ തണുപ്പിക്കുന്നത് പാറ്റയെ ഓടിക്കും. തണുപ്പില്‍ പാറ്റകള്‍ക്ക് അധികം നിലനില്‍ക്കാനാവില്ല. പാറ്റകള്‍ വേനല്‍ക്കാലത്തും ചൂടിലും ആണ് സജീവമാകുന്നത്. ഇവയ്‌ക്ക് ചിറക് ലഭിക്കുന്നതും പറക്കുന്നതും ഇക്കാലയളവിലാണ്. എന്നാല്‍ തണുപ്പ് കാലത്ത് ഇവ നിഷ്‌ക്രിയമായിരിക്കും.
Post a Comment