കാസർഗോഡ്: നിയന്ത്രണം വിട്ട സ്വകാര്യബസ് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കാസർകോട് ചെറുവത്തൂരിലെ മട്ടലായി ദേശീയപാതയിലാണ് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരിൽ ഒരു കുട്ടി ഉൾപ്പടെ നാലു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചെറുവത്തൂരിലെയും പയ്യന്നൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ദേശീയ പാതയിൽ ടെക്നിക്കൽ ഹൈസ്‌കൂളിന് സമീപമാണ് അപകടം നടന്നത്. കണ്ണുർ-കാസർകോട് റൂട്ടിലോടുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപെട്ടത്. കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു.
ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിന്നീട് സ്ഥലത്തെത്തിയ പൊലീസ് സംഘവും ചേർന്ന് ബസിനുള്ളിൽ കുടുങ്ങിയവരെ പുറത്തെത്തിച്ചു. ബസിലുണ്ടായിരുന്ന മിക്കവർക്കും പരിക്കേറ്റു. നിസാരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post a Comment