പയ്യന്നൂർ: ജില്ലയുടെ കായൽടൂറിസം ഭൂപടത്തിൽ ഇതിനോടകം സ്ഥാനം പിടിച്ചുകഴിഞ്ഞ കവ്വായി കായലോരത്തിനോട് അവഗണന മാത്രം. ഏറെ സന്ദർശകരെത്തിയിട്ടും ഈ വിനോദ സഞ്ചാരകേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും നന്നേ കുറവ്.
പയ്യന്നൂർ നഗരസഭാ പരിധിയിലുള്ള ബോട്ട് ടെർമിനലിലേക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരമേയുള്ളൂ. ഏഴ് പുഴകൾ സംഗമിക്കുന്ന കവ്വായി കായലിന് 37 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയുണ്ട്.
ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ചെറുദ്വീപുകളും കണ്ടൽക്കാടും കവ്വായി ബീച്ചും കാണാൻ നിരവധിപ്പേരാണ് ഇവിടെ ദിവസേനയെത്തിക്കൊണ്ടിരിക്കുന്നത്.
മലബാർ റിവർക്രൂസ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞവർഷം ഹൗസ്ബോട്ട് ടെർമിനൽ ജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. 4.58 കോടി രൂപ ചെലവിൽ നിർമിച്ച ഹൗസ്ബോട്ട് ടെർമിനലും ഒരേസമയം രണ്ട് വലിയ ബോട്ടുകൾക്ക് ഉപയോഗപ്പെടുത്താവുന്ന രണ്ട് ബോട്ടുജെട്ടികളും
നിർമിച്ചിരുന്നു.
കൂടാതെ, കായലിൽ സ്‌പീഡ് ബോട്ട്, പെഡൽ ബോട്ട്, കയ്യാക്കിങ് സൗകര്യവും ഒരുക്കിയിരുന്നു.
ശൗചാലയം വേണം❗
കായൽ കാണാനെത്തുന്നവരുടെ എണ്ണം കൂടുമ്പോഴും ശൗചാലയങ്ങളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നും തന്നെ ഒരുക്കാതെയിരിക്കുകയാണ് അധികൃതർ. ഇവിടെ എത്തുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ തൊട്ടടുത്തുള്ള ആരാധനാലയത്തിലെ ശൗചാലയങ്ങളെയോ മറ്റ് വീടുകളെയോ ആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്.
പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് വീതിയുള്ള മെക്കാഡം റോഡ് കഴിഞ്ഞവർഷം നിർമിച്ചുവെങ്കിലും സഞ്ചാരികളുമായി ഇവിടെയെത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യമില്ലാത്തത് പ്രധാന പ്രശ്നമാണ്.
ഭക്ഷണ ശാലയുടെയും വിശ്രമ മുറികളുടെയും ഷോപ്പിങ് സംവിധാനങ്ങളുടെയും കുറവും ഇവിടെയെത്തുന്നവർ അനുഭവിക്കുന്നുണ്ട്.
സുരക്ഷയും ഒരുക്കണം❗
കായൽ കാണാനെത്തുവരുടെ സുരക്ഷയ്ക്കു വേണ്ട സംവിധാനങ്ങളും ഇവിടെയില്ല. ലൈഫ് ഗാർഡുമാരുൾപ്പെടെയുള്ള സംവിധാനങ്ങളും ഒരുക്കേണ്ടതുണ്ട്.
Post a Comment