70 രൂപയ്ക്ക് വിറ്റ കവുങ്ങിൻതടി കയറ്റാൻ യൂണിയൻകാർ കൂലി ചോദിച്ചത് 80 രൂപ; അനുകൂല വിധി നേടി ഉടമ

കോഴിക്കോട്: കവുങ്ങിൻതടി ലോറിയിൽ കയറ്റുന്നതുമായി ബന്ധപ്പെട്ട കയറ്റുകൂലി തർക്കത്തിൽ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടി ഉടമ. മുക്കം തോട്ടുമുക്കം സ്വദേശി ആൻഡ്രിൻ ജോർജാണ് അനുകൂല വിധി നേടിയത്. 70 രൂപയ്ക്ക് ഗുരുവായൂർ സ്വദേശിക്ക് വിറ്റ ഒരു കവുങ്ങിൻ തടി ലോറിയിൽ കയറ്റാൻ സംയുക്ത യൂണിയൻ ചോദിച്ചത് 80 രൂപയാണ്. ഇതോടെയാണ് ആൻഡ്രിൻ കോടതിയെ സമീപിച്ചത്.

തർക്കംമൂലം കഴിഞ്ഞ ഒരുമാസത്തോളമായി 300ഓളം തടികൾ കെട്ടിക്കിടക്കുകയായിരുന്നു. കോടതി വിധി അനകൂലമായതോടെ പോലീസ് സംരക്ഷണത്തിൽ തടി ലോറിയിൽ കയറ്റിത്തുടങ്ങി. ഒരുപണിക്കാരന് 1000 രൂപ നൽകിയാണ് ഇപ്പോൾ തടി കയറ്റുന്നത്. ഏഴ് പണിക്കാർക്കുംകൂടി ആകെ 7000 രൂപ ചെലവാകും. ഇതേ ജോലിക്കായി യൂണിയൻകാർ നേരത്തെ 24,000 രൂപയാണ് കൂലി ചോദിച്ചതെന്നും ആൻഡ്രിൻ പറഞ്ഞു.

യൂണിയൻകാർ വലിയ കൂലി ചോദിച്ച് പ്രശ്നമായതോടെ ഉടമ പോലീസിനും ലേബർ ഓഫീസർക്കും പരാതി നൽകിയിരുന്നു. എന്നാൽ ഇവിടെനിന്നൊന്നും അനുകൂല നടപടി ലഭിക്കാതിരുന്നതോടെയാണ് ഉടമ കോടതിയെ സമീപിച്ചത്.


Post a Comment

Previous Post Next Post