പാരസെറ്റാമോള്‍ കഴിച്ചാല്‍ സംഭവിക്കുന്നതെന്ത്❓️ മിഥ്യാധാരണകളും വസ്തുതകളും❗️⚠️

മരുന്ന് ഇത്ര വ്യാപകമായി ഉപയോഗിക്കുമ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതും അനിവാര്യമാണ്.

ഡോക്ടറുടെ കുറിപ്പടിയില്ലാതെയും ആളുകള്‍ വാങ്ങിക്കുന്ന ഒരു മരുന്നാണ് പാരസെറ്റമോള്‍. തലവേദന, പനി, മറ്റ് നേരിയ ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയില്‍ നിന്ന് ആശ്വാസം ലഭിക്കുന്നതിന് പലരും ആദ്യം മുന്‍ഗണന നല്‍കുന്ന മരുന്നാണ് പാരസെറ്റമോള്‍. ഈ മരുന്ന് ഇത്ര വ്യാപകമായി ഉപയോഗിക്കുമ്പോള്‍ അതിനെക്കുറിച്ച് കൂടുതല്‍ അറിയേണ്ടതും അനിവാര്യമാണ്. അതിനാല്‍, ഇന്ന് നമ്മള്‍ പാരസെറ്റമോളുമായി ബന്ധപ്പെട്ട ചില മിഥ്യാധാരണകളെ കുറിച്ചും ചില വസ്തുതകളെ  കുറിച്ചുമാണ് പറയുന്നത്.

ഒരാള്‍ക്ക് ആവശ്യമുള്ളപ്പോഴെല്ലാം എത്ര വേണമെങ്കിലും ഉപയോഗിക്കാമെന്നാണ് പാരസെറ്റമോളിന്റെ ഉപയോഗത്തെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും സാധാരണമായ മിഥ്യാധാരണ. പക്ഷേ, ആളുകള്‍ സാധാരണയായി മരുന്നിന്റെ ഡോസേജ് നിര്‍ദ്ദേശങ്ങള്‍ പാലിക്കാറില്ല. മാത്രമല്ല അത് അമിതമായി കഴിക്കുകയും ചെയ്യുന്നുണ്ട്. പാരസെറ്റമോള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ ശരിയായ അളവില്‍ ഉപയോഗിക്കണമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പാരസെറ്റമോളുമായി ബന്ധപ്പെട്ട നിരവധി മിഥ്യാധാരണകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ട്. ഒരിക്കല്‍ കഴിച്ചാല്‍, പാരസെറ്റമോളിന്റെ അംശം ശരീരത്തില്‍ 5 വര്‍ഷത്തോളം നിലനില്‍ക്കും എന്നതാണ് അത്തരത്തിലുള്ള ഒരു മിഥ്യാധാരണ. എന്നാൽ, മരുന്ന് കഴിച്ച് 24 മണിക്കൂറിനുള്ളില്‍ അതിന്റെ അംശം രോഗിയുടെ ശരീരത്തില്‍ നിന്ന് പുറത്തുപോകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാത്രമല്ല, മരുന്നിന്റെ ഫലം 4 മുതല്‍ 6 മണിക്കൂര്‍ വരെ മാത്രമേ നിലനില്‍ക്കൂ.

പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെങ്കിലും ശരീരം മരുന്നിനോട് കൂടുതൽ അടിമപ്പെടുന്നില്ല. എന്നാൽ, ചില ആളുകള്‍ മാനസികമായി പാരസെറ്റാമോളിനോട് അടിമപ്പെടാറുണ്ട്.

പാരസെറ്റമോളിനെക്കുറിച്ചുള്ള ചില വസ്തുതകള്‍❗️

ലോകമെമ്പാടും ഒരു സാധാരണ വേദനസംഹാരിയായി ഉപയോഗിക്കുന്ന മരുന്നാണ് പാരസെറ്റമോള്‍. പാരസെറ്റമോള്‍ എന്നത് അടിസ്ഥാനപരമായി മരുന്നിന്റെ ബ്രാന്‍ഡ് നാമമാണ്. ഇത് അസറ്റാമിനോഫെന്‍, പനഡോള്‍, ടൈലനോള്‍ എന്നും അറിയപ്പെടുന്നു. 1956ലായിരുന്നു മരുന്നിന്റെ ആദ്യത്തെ ക്ലിനിക്കല്‍ ഉപയോഗം. അതിനുശേഷം ആഗോളതലത്തില്‍ വ്യത്യസ്ത പേരുകളില്‍ ഇത് ഉപയോഗത്തിലുണ്ട്.

ദിവസേന പാരസറ്റമോള്‍ കഴിക്കുന്നത് രക്ത സമ്മര്‍ദ്ദം വര്‍ധിപ്പിക്കാനും ഹൃദയാഘാതത്തിന്റെ സാധ്യത കൂട്ടുമെന്നുമാണ് ഗവേഷകര്‍ പറയുന്നത്. സ്‌ട്രോക്ക്, ഹൃദയാഘാത സാധ്യതയുള്ള രോഗികള്‍ക്ക് പാരസെറ്റമോള്‍ നിര്‍ദേശിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും ഗവേഷകര്‍ ഡോക്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള 110 രോഗികളിലാണ് ഗവേഷകര്‍ പഠനം നടത്തിയത്. ഒരു ദിവസം നാല് നേരം ഒരു ഗ്രാം പാരസെറ്റമോള്‍ വീതം നല്‍കിയായിരുന്നു പഠനം. നാല് ദിവസത്തിനുള്ളില്‍, പാരസെറ്റമോള്‍ ഉപയോഗിച്ച ഗ്രൂപ്പില്‍ രക്തസമ്മര്‍ദ്ദം ഗണ്യമായി വര്‍ദ്ധിച്ചു, ഇത് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തി. പാരസെറ്റമോള്‍ കഴിക്കുന്ന രോഗികള്‍ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ പ്രത്യേകം മരുന്ന് കഴിക്കണമെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്.



Post a Comment

Previous Post Next Post